പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചിട്ടില്ല, യാത്രാവിലക്കിനെതിരെ അപ്പീല്‍ നല്‍കും: ബിനോയ് കോടിയേരി


കൊച്ചി: തന്റെ പാസ്‌പോര്‍ട്ട് ദുബായ് പൊലീസ് തടഞ്ഞുവെച്ചിട്ടില്ലെന്ന് ബിനോയ് കോടിയേരി. അത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും യാത്രാവിലക്കിനെതിരെ മേല്‍ക്കൊടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ബിനോയ് റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചു.

ഒരു മില്യണ്‍ ദിര്‍ഹം നല്‍കാനുണ്ടെന്ന പരാതിയിലാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പേരില്‍ പാസ്‌പോര്‍ട്ട് പിടിച്ചുവെച്ചിട്ടില്ല. പാസ്‌പോര്‍ട്ട് എന്റെ കൈയില്‍ തന്നെയുണ്ട്. യാത്രാവിലക്കിനെതിരെ ഫെബ്രുവരി ഏഴിന് മേല്‍ക്കോടതിയെ സമീപിക്കും. ബിനോയ് റിപ്പോര്‍ട്ടറോട് പറഞ്ഞു.

36 ലക്ഷം ദിര്‍ഹം കെട്ടിവെക്കാനോ അതിന് തുല്യമായ ബാങ്ക് ഗ്യാരന്റി നല്‍കാനോ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. മേല്‍ക്കോടതി നിര്‍ദേശിക്കുന്ന പ്രകാരം ചെയ്യും. 60,000 ദിര്‍ഹം പിഴയടച്ച നേരത്തെയുള്ള കേസിലാണ് ഇപ്പോള്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ട പ്രകാരമാണ് യാത്രാവിലക്ക്. അതിനെതിരെ അപ്പീല്‍ പോവുക എന്നതാണ് നടപടി ക്രമം. ബിനോയ് പറഞ്ഞു.

ദുബായിലെ ജാസ് ടൂറിസം കമ്പനി ഉടമ ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി നല്‍കിയ ചെക്ക് കേസിലാണ് ബിനോയിക്ക് ദുബായ് പൊലീസ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് മര്‍സൂഖി പരാതി നല്‍കിയത്. മൂന്ന് മില്യണ്‍ ദിര്‍ഹമാണ് കമ്പനി വായ്പയായി നല്‍കിയത്. ഇതില്‍ രണ്ട് മില്യണ്‍ തിരികെ നല്‍കി. ബാക്കിയുള്ള ഒരു മില്യണ്‍ തിരിച്ച് നല്‍കിയിട്ടില്ലെന്ന് കാട്ടിയാണ് കമ്പനി പരാതി നല്‍കിയിരിക്കുന്നത്. വായ്പയ്ക്ക് ഈടായി നല്‍കിയ ചെക്ക് മടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.

പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് തിങ്കളാഴ്ച ബിനോയിയെ ദുബായ് വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു. ഇനി മേല്‍ക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയോ കേസ് ഒത്തുതീര്‍പ്പ് ആവുകയോ ചെയ്യാതെ ബിനോയിക്ക് ഇന്ത്യയിലേക്ക് മടങ്ങാനാകില്ല.

ബിനോയിയുടെ യാത്രാവിലക്ക് നേരത്തെ സഹോദരന്‍ ബിനീഷ് കോടിയേരി സ്ഥിരീകരിച്ചു. ബിനോയിക്ക് യാത്രാവിലക്ക് ഉണ്ടെന്ന് ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. 13 കോടിരൂപ കൊടുക്കാനുണ്ടെന്ന ആരോപണം വാസ്തവവിരുദ്ധമാണെന്നും ഒരുകോടി എഴുപത്തിരണ്ട് ലക്ഷം രൂപ മാത്രമെ ബിനോയ് ദുബായി കമ്പനിക്ക് കൊടുക്കാനുള്ളെന്നും ബിനീഷ് പറഞ്ഞു. യാത്രാ വിലക്കിനെതിരെ അപ്പീല്‍ നല്‍കുമെന്നും ബിനീഷ് കോടിയേരി പറഞ്ഞു.

നേരത്തെ ആരോപണം ഉയര്‍ന്ന സമയത്ത് തനിക്കെതിരെ ദുബായില്‍ കേസൊന്നും നിലവിലില്ലെന്ന് ബിനോയ് വ്യക്തമാക്കിയിരുന്നു. ഇത് തെളിയിക്കാനായി അദ്ദേഹം ദുബായ് പൊലീസിന്റെയും കോടതിയുടെയും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പുറത്തുവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

DONT MISS
Top