ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്തിന്റെ ഹര്‍ജി; ബിസിസിഐക്ക് സുപ്രിം കോടതി നോട്ടീസ്


ദില്ലി: ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രിം കോടതി ബിസിസിഐക്കും ബിസിസിഐ താത്കാലിക ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിക്കും കേരള ക്രിക്കറ്റ് അസോസിയേഷനും നോട്ടീസ് അയച്ചു. ശ്രീശാന്ത് ഒത്തുകളിച്ചതിന് തെളിവുണ്ടെന്നും വിലക്ക് നീക്കാന്‍ കഴിയില്ലെന്നും ബിസിസിഐ കോടതിയെ അറിയിച്ചു. കോടതിയെ അല്ല, അച്ചടക്ക സമിതിയെ ആണ് ശ്രീശാന്ത് സമീപിക്കേണ്ടത് എന്നും ബിസിസിഐ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അതേസമയം കോടതി നടപടികളില്‍ പ്രതീക്ഷ ഉണ്ടെന്നും രാജ്യത്തിന് വേണ്ടി വീണ്ടും കളിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

ബിസിസിഐയുടെ ആജീവനാന്ത വിലക്ക് ശരിവെച്ച കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെയാണ് സുപ്രിം കോടതിയിലെ ശ്രീശാന്തിന്റെ ഹര്‍ജി. ശ്രീശാന്ത് രാജ്യത്തിന് മികച്ച സംഭാവനകള്‍ നല്‍കാന്‍ ശേഷിയുള്ള താരമാണെന്നും വിലക്ക് ഏകപക്ഷീയമാണെന്നും ശ്രീശാന്തിന് വേണ്ടി ഹാജരായ സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു. 35 വയസുള്ള ശ്രീശാന്തിന് തുടര്‍ന്ന് കളിക്കാനുള്ള സമയം നഷ്ടമാകാതിരിക്കാന്‍ കോടതി വേഗത്തില്‍ തീരുമാനമെടുക്കണമെന്ന് അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ കേസില്‍ തടസ ഹര്‍ജി നല്‍കിയിരുന്ന ബിസിസിഐ വിലക്ക് നീക്കണമെന്ന ആവശ്യത്തെ തുടക്കത്തിലെ എതിര്‍ത്തു. ഒത്തു കളിച്ചതിന് ശ്രീശാന്ത് 3 ലക്ഷവും ജിജു ജനാര്‍ദ്ധനന്‍ നാല് ലക്ഷവും ആവശ്യപ്പെടുന്ന ശബ്ദ രേഖയുണ്ടെന്നായിരുന്നു ബിസിസിഐയുടെ വാദം. കീശയില്‍ തൂവാല തിരുകി 13 റണ്‍ വിട്ടുകൊടുത്തു. എന്നാല്‍ ശ്രീശാന്ത് എറിഞ്ഞ ഒരു നോബോള്‍ അമ്പയര്‍ ശ്രദ്ധിച്ചിട്ടില്ലേയെന്ന് മൂന്നംഗ ബെഞ്ചിലെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി ബിസിസിഐ, ബിസിസിഐ താത്കാലിക ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായി, കേരള ക്രിക്കറ്റ് അസോസിയേഷന്‍, എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാനുള്ള ശ്രീശാന്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. നാലാഴ്ചയ്ക്കകം ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

DONT MISS
Top