കീഴാറ്റൂര്‍ സമരത്തില്‍ തീവ്രവാദബന്ധം ഉണ്ടെങ്കില്‍ സമരക്കാരെ ജയിലിലടയ്ക്കണം: വയല്‍ക്കിളികള്‍

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന ആരോപണത്തിന് മറുപടിയുമായി വയല്‍ക്കിളികള്‍. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദബന്ധമുണ്ടന്ന് തെളിഞ്ഞാല്‍ സമരക്കാരെ ജയിലിലടക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ദേശീയപാതയുടെ സ്ഥലം അളവ് എന്തുവില കൊടുത്തും തടയുമെന്നും വയല്‍ക്കിളികള്‍ കണ്ണൂരില്‍ പറഞ്ഞു.

തളിപ്പറമ്പ് കീഴാറ്റൂരിലെ ബൈപാസ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം. തീവ്രവാദികളെന്ന് മുദ്രകുത്തി സമരം അടിച്ചമര്‍ത്താനാണ് ശ്രമം നടക്കുന്നതെന്ന് വയല്‍ക്കിളികള്‍ ആരോപിച്ചു. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ സമരക്കാരെ ജയിലിലടക്കുകയോ വെടിവെച്ച് കൊല്ലുകയോ വേണമെന്ന് സുരേഷ് കീഴാറ്റൂര്‍ ആവശ്യപ്പെട്ടു.

വയലുകള്‍ നഷ്ടപ്പെടാതെ ആദ്യം തീരുമാനിച്ച അലൈന്‍മെന്റ് അട്ടിമറിച്ചത് സ്ഥലം എംഎല്‍എയും റിയല്‍ എസ്‌റ്റേറ്റ് മാഫിയയും ചേര്‍ന്നാണെന്നും അവര്‍ ആരോപിച്ചു. പൊതുമരാമത്ത് മന്ത്രിയും സര്‍ക്കാരും നല്‍കിയ ഉറപ്പും പാലിക്കപ്പെട്ടില്ല. നോട്ടിഫിക്കേഷനെതിരെ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ദേശീയപാതയുടെ സ്ഥലം അളവ് എന്തുവില കൊടുത്തും തടയുമെന്നും വയല്‍ക്കിളികള്‍ പറഞ്ഞു.

250 ഏക്കര്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ ആണ് നാട്ടുകാരുടെ പ്രക്ഷോഭം. വയല്‍ ഒഴിവാക്കി നിലവിലുള്ള ദേശീയപാത വികസിപ്പിക്കുകയോ ആദ്യത്തെ അലൈന്‍മെന്റ് അംഗീകരിക്കുകയോ വേണമെന്നാണ് സമരക്കാരുടെ ആവശ്യം.

DONT MISS
Top