പുഴകളുടെ മരണമണി മുഴങ്ങി തുടങ്ങി; ഒരു പുഴയുടെ കരളലിയിപ്പിക്കുന്ന കാഴ്ച്ച കാണുക

കാസര്‍ഗോഡ്:  വടക്കന്‍ കേരളത്തില്‍ വേനല്‍ കനക്കും മുന്‍പ് പുഴകള്‍ വറ്റി വരണ്ട് തുടങ്ങി.കാസര്‍ഗോഡ് പുത്തിഗൈ പുഴയുടെ അവസ്ഥ ആരെയും കണ്ണീരണയിക്കും. വേനല്‍ ശക്തി പ്രാപിക്കും മുന്‍പെ ജില്ലയിലെ പുഴകളുടെ മരണമണി മുഴങ്ങി തുടങ്ങി .കടുത്ത വേനലിലും വറ്റാത്ത പുത്തിഗെ പുഴയുടെ അവസ്ഥ ആരെയും കണ്ണീരണയിക്കും.

പുഴയുടെ അക്കരെ കടക്കാന്‍ ഇതു വഴി വീതിയില്‍ ചെമ്മണ്ണ് റോഡ് ഉണ്ടാക്കിയിരിക്കുകയാണ് നാട്ടുകാര്‍ ഇപ്പോള്‍. വോര്‍ക്കാടിയില്‍ നിന്നുള്ള പാലത്തിനടിയിലാണ് പുഴയുടെ നീരൊഴുക്ക് പൂര്‍ണ്ണമായും നിലച്ചത്. മകരമാസത്തിന്റെ ആദ്യ പുതിയില്‍ തന്നെ പുഴകള്‍ വറ്റുന്നത് പഴമക്കാര്‍ക്ക് പോലും കേട്ടുകേള്‍വിയില്ലാത്തതാണ് .ഇവിടെ നീരൊഴുക്ക് നിലച്ചിട്ട് നാളുകള്‍ ഏറെയായി .

രാപ്പകലില്ലാതെ പുഴയില്‍ നിന്നും മണല്‍ ഊറ്റുന്നതും സമീപ പ്രദേശത്തെ കുന്ന് ഇടിച്ച് വ്യാപകമായി മണല്‍ കടത്തിയതും ജല സ്രോതസുകളുടെ മരണ മണിക്ക് കാരണമായി. അനധികൃതമായ മണല്‍ കടത്ത് ഈ മേഖലകളില്‍ വ്യാപകമാണ് .മണല്‍ ചാക്കുകകളില്‍ നിറച്ച് പ്രത്യേക കേന്ദ്രങ്ങളിലെത്തിച്ച് പിന്നീട് ഇവ വാഹനങ്ങളില്‍ കടത്തുന്നു.

വറ്റിവരണ്ട പുഴയില്‍ ജലത്തിനായി കിണര്‍ കുഴിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍. പുത്തിഗെ ,മംഗല്‍പാടി പഞ്ചായത്തുകളില്‍ ഏക്കര്‍ കണക്കിന് നെല്‍ കൃഷിയും പുഴയെ ആശ്രയിച്ചാണ് ഉള്ളത് .കമുക് ,തെങ്ങ് കര്‍ഷകരും ഇപ്പോള്‍ ആശങ്കയിലാണ് .വരും നാളുകളില്‍ ഇവിടെ കുടിവെള്ള ക്ഷാമം രൂക്ഷമാകും.മൂന്ന് പുഴകളാണ് ഉപ്പളയിലുള്ളത്.ഷിറിയ പുഴ,ഉപ്പള പുഴ, മംഗല്‍പ്പാടി പുഴ എന്നിവ. ഇതില്‍ ഉപ്പള പുഴയുടെ കൈച്ചാലാണ് പുത്തിഗെപുഴ.

ഷിറിയ പുഴയിലും മംഗല്‍പ്പാടി പുഴയിലും ജലനിരപ്പ് സാധരണയിലധികം കുറഞ്ഞിട്ടുണ്ട്. ജലനിധി പദ്ധതി പ്രകാരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലസംഭരണികളും പൈപ്പും സ്ഥാപിച്ചിട്ടുണ്ടെങ്കിലും കുടിവെള്ളമെന്നത് കിട്ടാക്കനിയാണ്.ഓരോ ജല സ്രോതസ്സുകളും വറ്റുന്നതോടെ പ്രദേശവാസികളുടെ നെഞ്ചിടിപ്പും വര്‍ദ്ധിക്കുകയാണ്

DONT MISS
Top