ഐഎസ്എല്‍: പൂനെ ആരാധകരുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധം ശക്തം

ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് പൂനെയോടുള്ള കണക്കുകള്‍ തീര്‍ത്ത ദിവസമായിരുന്നു ഇന്നലെ. ജാക്കിച്ചന്ദിന്റെയും സികെ വിനീതിന്റെയും തകര്‍പ്പന്‍ ഗോളുകളുടെ പിന്‍ബലത്തില്‍ ഉജ്ജ്വല വിജയമാണ് കേരളം സ്വന്തമാക്കിയത്. എന്നാല്‍ കളിക്കളത്തിന് പുറത്ത് പൂനെയുടെ ആരാധകര്‍ പരാജയത്തിന്റെ ചൊരുക്ക് തീര്‍ത്തത് കേരളത്തിന്റെ ആരാധകരുടെ മേലാണ്.

ജാക്കിച്ചന്ദ് ആദ്യ ഗോള്‍ നേടിക്കഴിഞ്ഞുള്ള ആഘോഷം പൊടിപൊടിക്കവെയാണ് പൂനെ ആരാധകര്‍ രോഷം കൊള്ളുന്നത്. പിന്നീട് സ്റ്റേഡിയത്തിലെ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഇവര്‍ പ്രകോപിപ്പിക്കാനും ചീത്തവിളിക്കാനുമാരംഭിച്ചു. കഴുത്തിന് പിടിക്കുകയും തള്ളുകയും ചെയ്തു. പൂനെ ആരാധകര്‍ സ്റ്റേഡിയത്തിന്റെ പലഭാഗത്തും ഇതുപോലെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഉപദ്രവിച്ചു.

കളികഴിഞ്ഞ് പുറത്തിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഇവര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. പല മലയാളികള്‍ക്കും പരുക്ക്പറ്റി. ഇതില്‍ വലിയ പ്രതിഷേധം സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു. #ShameOnYouPuneFans എന്ന ഹാഷ് ടാഗ് ട്രെന്‍ഡിംഗായി. എഫ്‌സി പൂനെ സിറ്റിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല തുടരുകയാണ്. എങ്ങനെയാണ് ആരാധകരെ സല്‍കരിക്കേണ്ടത് എന്ന് കൊച്ചിയില്‍ വന്നപ്പോള്‍ കണ്ടിരുന്നില്ലേ എന്നും കേരളത്തിന്റെ ആരാധകര്‍ ചോദിക്കുന്നു.

കഴിഞ്ഞകളിയിലെ പരാജയം തെല്ലൊന്നുമല്ല പൂനെ കളിക്കാരെയും ആരാധകരേയും പ്രകോപിപ്പിച്ചത്. കഷ്ടപ്പെട്ട് ഒരു പെനാല്‍റ്റി നേടിയുണ്ടാക്കിയ സമനില ഗോളും പാഴായപ്പോഴാണ് ഇവര്‍ അക്ഷമരാകുന്നത്. സമനിലയും ഒരു പോയന്റും നേടി തോല്‍വിയൊഴിവാക്കാം എന്ന് പൂനെ കരുതിയപ്പോഴാണ് വിനീതിന്റെ തട്ടുപൊളിപ്പന്‍ ഷോട്ട് വലതുളച്ചത്. എത്രമാത്രം മനോഹരമായിരുന്നോ ആ ഗോള്‍ അത്രയും വലുതായിരുന്നു പൂനെ ആരാധകരുടെ ചൊരുക്ക്.

മൈതാനത്ത് കളിക്കാരും മറ്റൊരു രീതിയല്ല പുറത്തെടുത്തത്. അഭിനയവും പ്രകോപനങ്ങളും അതിരുകടന്നു. മാഴ്‌സലീന്യോ ഒസ്‌കാര്‍ നിലവാരത്തിലുള്ള അഭിനയം കാഴ്ച്ചവച്ചു. അല്‍ഫാരോയും മോശമായിരുന്നില്ല. പലപ്പോഴും പ്രകോപനമുണ്ടാക്കിയതിന് താക്കീത് വാങ്ങുകയും ചെയ്തു. കോച്ച് പോലും വ്യത്യസ്തനായിരുന്നില്ല. കേരളത്തിനെതിരായി റഫറിയുടെ തെറ്റായി തീരുമാനങ്ങള്‍ വരുമ്പോഴും പൂനെ കളിക്കാര്‍ അസംതൃപ്തരായിരുന്നു. ഒന്നാം പകുതി തീര്‍ന്നപ്പോള്‍ പോലും മുറുമുറുപ്പോടെ ഇവര്‍ മൈതാനത്ത് തുടര്‍ന്നു. ഇതിന്റെ ബാക്കിയെന്നോണമാണ് പൂനെയുടെ കാണികളും ബ്ലാസ്റ്റേഴ്‌സിനുനേരെ തിരിഞ്ഞത്.

DONT MISS
Top