‘ബജറ്റിനോളം സാമ്പത്തിക പ്രശ്‌നങ്ങളോളം ഞാന്‍ അതിനെ വിലമതിക്കുന്നു’; ഐസക്കിന്റെ പ്രസംഗത്തെകുറിച്ച് ശാരദക്കുട്ടി

ബജറ്റിലെ സ്ത്രീയെഴുത്തിനോടുള്ള കടപ്പാട് രേഖപ്പെടുത്തി എഴുത്തുകാരി ശാരദക്കുട്ടി. സ്ത്രീകള്‍ കാലാകാലങ്ങളായി ഉന്നയിച്ചു കൊണ്ടിരുന്ന സാമൂഹിക പ്രശ്‌നങ്ങളെ നിസ്സാരമായി കാണാതെ അവയെ പരാമര്‍ശിക്കുവാനും രേഖപ്പെടുത്തുവാനും കഴിഞ്ഞത് അവരെ അദൃശ്യവത്കരിക്കുവാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള മറുപടിയായാണ് താന്‍ കാണുന്നതെന്ന് ശാരദക്കുട്ടി പറയുന്നു.

പെണ്‍ സാഹിത്യം ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവും ബൗദ്ധികവുമായ ഇടപെടലായിരുന്നു എന്നതിനു കിട്ടിയ അംഗീകാരമാണത് .അതിനെ ബജറ്റിനോളം സാമ്പത്തിക പ്രശ്‌നങ്ങളോളം താന്‍ വിലമതിക്കുന്നുവെന്നും ശാരദക്കുട്ടി പറയുന്നു. എനിക്കു കിട്ടുന്ന ഏതംഗീകാരവും അവഗണിക്കപ്പെടുന്ന എന്റെ സമുദായത്തിനു കിട്ടുന്ന അംഗീകാരമാണെന്നും ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മലയാളത്തിലെ പ്രമുഖ സ്ത്രീ എഴുത്തുകാരുടെ വരികള്‍ ഉദ്ധരിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗം നടത്തിയത്. സുഗതകുമാരി മുതല്‍ ബാലാമണിയമ്മ വരെയുള്ളവരുടെ നോവലുകളും കവിതകളും നാടകവുമൊക്കെ ബജറ്റ് പ്രസംഗത്തിലും ഇടംപിടിയ്ക്കുകയായിരുന്നു.

ശാരദക്കുട്ടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം,

ബജറ്റിലെ സ്ത്രീയെഴുത്തിനെ കുറിച്ചു തന്നെ. സ്ത്രീകൾ കാലാകാലങ്ങളായി ഉന്നയിച്ചു കൊണ്ടിരുന്ന സാമൂഹിക പ്രശ്നങ്ങളെ നിസ്സാരമായി കാണാതെ അവയെ പരാമർശിക്കുവാനും രേഖപ്പെടുത്തുവാനും കഴിഞ്ഞത്, അവരെ അദൃശ്യവത്കരിക്കുവാൻ നടത്തുന്ന ശ്രമങ്ങൾക്കുള്ള മറുപടിയായാണ് ഞാൻ കാണുന്നത്. പെൺ സാഹിത്യം ചരിത്രപരവും സാമൂഹികവും രാഷ്ട്രീയവും ബൗദ്ധികവുമായ ഇടപെടലായിരുന്നു എന്നതിനു കിട്ടിയ അംഗീകാരം.അതിനെ ഞാൻ വിലമതിക്കുന്നു.. ബജറ്റിനോളം സാമ്പത്തിക പ്രശ്നങ്ങളോളം തന്നെ.. ബ്രിട്ടീഷ് രാജകുമാരന്റെ പട്ടും വളയും വാങ്ങിയതിനെ വിമർശിച്ചവരോട് മഹാകവി കുമാരനാശാൻ പറഞ്ഞ മറുപടി, അതേ എനിക്കും പറയാനുള്ളു. എനിക്കു കിട്ടുന്ന ഏതംഗീകാരവും അവഗണിക്കപ്പെടുന്ന എന്റെ സമുദായത്തിനു കിട്ടുന്ന അംഗീകാരമാണ്. അതിനാൽ ഞാനിത് സ്വീകരിക്കുന്നു.

DONT MISS
Top