കോഴിക്കോട് നഗരത്തിലെ എടിഎം തട്ടിപ്പ്: പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് പൊലീസ്


കോഴിക്കോട്: കോഴിക്കോട് നഗരത്തിലുണ്ടായ എടിഎം തട്ടിപ്പുകളില്‍ ഒളിവിലുള്ള പ്രതികള്‍ ഉടന്‍ അറസ്റ്റിലാവുമെന്ന് ജില്ല പൊലീസ് മേധാവി എസ് കാളിരാജ് മഹേഷ്‌കുമാര്‍. പിടിയിലാവാനുള്ളവരുടെ എല്ലാവിവരങ്ങളും പൊലീസിന് ലഭ്യമായിട്ടുണ്ട്. വാറന്റ് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കിമ്മര്‍ ഉപയോഗിച്ച് എടിഎം വിവരങ്ങള്‍ ചോര്‍ത്തിയും ഇടപാട് സമയം എടിഎം മെഷീനിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചുമുള്ള തട്ടിപ്പുകളാണ് നഗരത്തില്‍ നടന്നത്. സ്‌കിമ്മര്‍ ഉപയോഗിച്ചുള്ള തട്ടിപ്പിന് പിന്നില്‍ കാസര്‍ഗോഡ് സ്വദേശികളും വൈദ്യുതി ബന്ധം വിച്ഛേദിച്ചുള്ള തട്ടിപ്പിന് പിന്നില്‍ ഹരിയാന ഗ്യാങ്ങുമാെണന്നാണ് വ്യക്തമായത്. എടിഎമ്മുകളുടെ കാലപ്പഴക്കവും തട്ടിപ്പുകാര്‍ക്ക് സഹായകമാവുന്നുണ്ട്. പഞ്ചാബ് നാഷനല്‍ ബാങ്കിന്റ വെള്ളിമാട്കുന്ന്, പന്തീരാങ്കാവ്, പള്ളിക്കണ്ടി എന്നിവിടങ്ങളിലെ തട്ടിപ്പിനിടയാക്കിയത് മെഷീനില്‍ ആന്റി സ്‌കിമ്മര്‍ ഇല്ലാത്തതാണ് ഇവര്‍ക്ക് കൂടുതല്‍ സഹായമായതെന്ന് കമ്മീഷണര്‍ പറഞ്ഞു.

കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ കോഴിക്കോട് നഗരത്തില്‍ മാത്രം എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് ആറില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തട്ടിപ്പ് പുറത്തുവന്നപ്പോള്‍ തന്നെ ബാങ്ക് മാനേജര്‍മാരുടെ യോഗം വിളിച്ച് എടിഎമ്മുകളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്നും മെഷീനുകള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. എടിഎം കാര്‍ഡ് നമ്പര്‍ അടക്കം ഫോണിലൂടെ ആവശ്യപ്പെട്ടുള്ള തട്ടിപ്പും ഉണ്ടായിട്ടുണ്ട്. എടിഎം പിന്‍ നമ്പര്‍ തുടരെ മാറ്റി തട്ടിപ്പിനുള്ള സാധ്യത ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top