കൊമ്പുകുലുക്കുമോ ബ്ലാസ്റ്റേഴ്‌സ്? പൂനെയ്‌ക്കെതിരെ ഇന്ന് നിര്‍ണായക മത്സരം

പൂനെ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജീവന്മരണപോരാട്ടം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് ജയിച്ചേ മതിയാകൂ. കരുത്തരായ പുനെ സിറ്റിയാണ് എതിരാളികള്‍. രാത്രി 8 ന് പുനെ ശ്രീ ശിവ് ചത്രപതി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരം.

പൂനെയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ കഴിഞ്ഞ കളിയില്‍ ഡെല്‍ഹിക്കെതിരെയുള്ള വിജയവും പുതിയ താരങ്ങളുടെ മികച്ച പ്രകടനവും ബ്ലാസ്റ്റേഴ്‌സിന് മുതല്‍ക്കൂട്ടാകും. ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ മധ്യനിരതാരം വിക്ടര്‍ ഫൊക്കാര്‍ഡോ പുള്‍ഗ ടീമില്‍ തിരിച്ചെത്തിയത് ബ്ലാസ്റ്റേഴ്‌സിന് ആശ്വാസകരമാണ്. കെസിറോണ്‍ കിസിറ്റോയുടെ പരുക്കാണ് ഒരിടവേളയ്ക്കുശേഷം പരിഹരിക്കാന്‍ പറ്റിയ മധ്യനിരയിലെ പോരായ്മകള്‍ വീണ്ടും തലപൊക്കാന്‍ കാരണമായത്. എന്നാല്‍ പുള്‍ഗ തിരിച്ചെത്തുന്നതോടെ കെസിറോണിന്റെ അഭാവം പരിഹരിക്കാന്‍ ടീമിനാകും. പുള്‍ഗയെ ആദ്യ ഇലവനില്‍ തന്നെ കളിപ്പിക്കാനാണ് സാധ്യത.

ഡെല്‍ഹിക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദീപേന്ദ്ര സിംഗ് നേഗിയെ ആദ്യ ഇലവനില്‍ കളിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഐസ്‌ലാന്‍ഡ് താരം ഗുഡ്‌ജോണിന്റെ പ്രകടനത്തിലും മാനേജ്‌മെന്റും ആരാധകരും തൃപ്തരാണ്. തുടക്കം മുതല്‍ പരുക്കിന്റെ പിടിയിലായ ബെര്‍ബറ്റോവ് പരീശീലനത്തിന് കൂടുതല്‍ സമയം ചെലവിട്ടതും പ്രതീക്ഷയുണര്‍ത്തുന്നു. പരുക്കില്‍ നിന്ന് മുക്തനാണെങ്കില്‍ പകരക്കാരനായിട്ടെങ്കിലും ബെര്‍ബറ്റോവിനെ കളത്തിലിറക്കും എന്ന കാര്യത്തില്‍ സംശയമില്ല. നിലവില്‍ കളിക്കാരെല്ലാവരും പൂര്‍ണ സജ്ജരാണെന്ന് പരിശീലകന്‍ ഡേവിഡ് ജെയിംസ് പറയുമ്പോള്‍ ആരെ ബെഞ്ചിലിരുത്തും എന്ന കാര്യത്തില്‍ മാത്രമാണ് ആശയക്കുഴപ്പം.

13 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്തും, 12 മത്സരങ്ങളില്‍ നിന്ന് 22 പോയിന്റുമായി പുനെ മൂന്നാം സ്ഥാനത്തുമാണ്. കൊച്ചിയില്‍ നടന്ന ആദ്യപാദ മത്സരത്തില്‍ പുനെ ബ്ലാസ്റ്റേഴ്‌സിനോട് സമനില വഴങ്ങിയിരുന്നു. തുടര്‍ച്ചയായ രണ്ട് വിജയങ്ങള്‍ക്ക് ശേഷമാണ് പുനെ ഇന്നിറങ്ങുന്നത്. ബ്ലാസ്റ്റേഴ്‌സ് ആകട്ടെ തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷം കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിക്ക് എതിരെ വിജയിച്ച ആത്മവിശ്വാസത്തിലുമാണ്.

പൂനെയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധം ഭയക്കേണ്ടത് മാര്‍സലീഞ്ഞ്യോ-അല്‍ഫാരോ-കീന്‍ ലൂയിസ് കൂട്ടുകെട്ടിനെയാണ്. ഗോള്‍മുഖം സദാസമയം വിറപ്പിക്കാന്‍ പോന്നതാണ് പൂനെയുടെ ഈ മുന്നേറ്റനിര. എന്നാല്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഭയക്കണമെന്ന് തന്നെയാണ് പൂനെ പരിശീലകന്‍ റാങ്കോ പോപോവിച്ചിന്റെ ഉപദേശം. ഡേവിഡ് ജെയിംസ് ഇന്നത്തെ മത്സരത്തില്‍ എന്ത് ആയുധമാണ് പുറത്തെടുക്കാന്‍ പോകുന്നത് എന്ന ആകാംക്ഷ പൂനെ പരിശീലകനുമുണ്ട്. കേരളത്തിനെതിരെ ഇറങ്ങുമ്പോള്‍ ആക്രമണത്തിനൊപ്പം പ്രതിരോധത്തിലും ശ്രദ്ധ ചെലുത്തണമെന്നാണ് റാങ്കോ കളിക്കാരോട് നിര്‍ദ്ദേശിച്ചതും. കേരളം മികച്ച ടീമാണ്, പുതിയ കളിക്കാര്‍ കൂടി കേരള ക്യാംപിലെത്തിയ നിലയ്ക്ക് അവരുടെ കരുത്ത് വര്‍ധിച്ചിട്ടുണ്ടെന്നും റാങ്കോ പറഞ്ഞു.

DONT MISS
Top