ഐഫോണിന് ഓര്‍ഡര്‍ ചെയ്ത് ലഭിച്ചത് ബാര്‍ സോപ്പ്; ഫ്ലിപ്പ്കാര്‍ട്ടിനെതിരെ പരാതിയുമായി എഞ്ചിനീയര്‍

പ്രതീകാത്മക ചിത്രം

മുംബൈ: 55,000 രൂപ കൊടുത്ത് ഫ്ലിപ്പ്കാര്‍ട്ടില്‍ ആപ്പിള്‍ ഐഫോണ്‍ 8 ന് ഓര്‍ഡര്‍ ചെയ്ത യുവാവിനെ ലഭിച്ചത് ബാര്‍ സോപ്പ്. മുംബൈയിലെ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ തബ്‌റെജ് മൈഹബൂബ് നഗ്രാലിയാണ് ഓണ്‍ലൈന്‍ വഴി സാധനം വാങ്ങിച്ച് കബളിക്കപ്പെട്ടിരിക്കുന്നത്. ഫ്ലിപ്കാര്‍ട്ട് വഴി മൊബൈല്‍ വാങ്ങിച്ച് താന്‍ വഞ്ചിക്കെപ്പട്ടതായി കാണിച്ച് നഗ്രാലി മുംബൈ പൊലീസിന് പരാതി നല്‍കി.

മുഴുവന്‍ തുക അടച്ചാണ് ഓണ്‍ലൈനിലൂടെ ഐഫോണ്‍ 8 ന് നഗ്രാലി ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ ചെയ്ത പ്രകാരം ജനുവരി 22 ന് തന്നെ   സാധനം മുംബൈയിലുള്ള വീട്ടില്‍ എത്തി. എന്നാല്‍ വീട്ടില്‍ എത്തിയ പെട്ടി തുറന്നു നോക്കിയപ്പോള്‍ അത് ബാര്‍ സോപ്പായിരുന്നു എന്നാണ് നഗ്രാലി നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

ഈ ബുധനാഴ്ചയാണ് നഗ്രാലി പൊലീസില്‍ പരാതി നല്‍കിയത്. നഗ്രാലി നല്‍കിയ പരാതി പ്രകാരം ഫ്ലിപ്പ്കാര്‍ട്ടിനെതിരെ വഞ്ചനാ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി ബൈകുല പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അവിനാഷ് ഷിന്‍ഡെ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഫ്ലിപ്പ്കാര്‍ട്ട് പ്രതിനിധിയുമായി ബന്ധപ്പെട്ടതായി പൊലീസ് അറിയിച്ചു.

സംഭവത്തില്‍ ഫ്ലിപ്പ്കാര്‍ട്ടും അന്വേഷണം ആരംഭിച്ചു. അന്വേഷം നടത്തി പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിക്കും എന്നാണ് ഫ്ലിപ്പ്കാര്‍ട്ട് അറിയിച്ചിരിക്കുന്നത്. 2017 ലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഫോണിന് ഓര്‍ഡര്‍ ചെയ്യുകയും എന്നാല്‍ ഫോണിന് പകരം സോപ്പ് പൊടി ലഭിക്കുകയും ചെയ്തു. 2014 ല്‍ മറ്റൊരു ഉപഭോക്താവ് ഫോണിന് ബുക്ക് ചെയ്യുകയും സോപ്പ് ലഭിക്കുകയും ചെയ്തിരുന്നു.

DONT MISS
Top