ജിഎസ്ടി കേരളത്തിന് നല്‍കിയത് നിരാശ, നോട്ട് നിരോധനം ഓഖിക്ക് സമാനം: മന്ത്രി ഐസക്

തിരുവനന്തപുരം: ജിഎസ്ടി വരുമ്പോള്‍ കേരളത്തിന്റെ നികുതി 20-25 ശതമാനം കണ്ട് ഉയരും എന്ന പ്രതീക്ഷ പാളിയെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങളോട് കടുത്ത സാമ്പത്തിക അച്ചടക്കം തേടുന്ന കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക അച്ചടക്കം പുലര്‍ത്താത്തത് വിരോധാഭാസമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. കിഫ്ബിയ്ക്ക് 3,000 കോടിയുടെ ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട് ഉടന്‍. കിഫ്ബിയ്ക്ക് ക്രിസില്‍, ഇക്ര എന്നീ റേറ്റിംഗ് ഏജന്‍സികളുടെ എ പ്ലസ് ഗ്രേഡ്. ജനറല്‍ ഒബ്ലിഗേഷന്‍ ബോണ്ട്, റവന്യു ബോണ്ട്, ലാന്റ് ബോണ്ട് തുടങ്ങി വിവിധതരം ബോണ്ടുകള്‍ ഉപയോഗപ്പെടുത്തി കിഫ്ബിയ്ക്ക് ആഭ്യന്തര കമ്പോളത്തില്‍ നിന്ന് വിഭവസമാഹരണത്തിന് അവസരമൊരുക്കും.

അഞ്ചുവര്‍ഷമായി കേരളത്തില്‍ വരവും ചെലവും തമ്മിലുള്ള അന്തരം വര്‍ധിച്ചു വരുന്നതായി ധനമന്ത്രി പറഞ്ഞു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നും ധനമന്ത്രി വ്യക്തമാക്കി.

വലിയതോതില്‍ ഐജിഎസ്ടി ചോര്‍ച്ച സംഭവിക്കുന്നുവെന്നത് വാസ്തവമാണ്. ഇത് തടയുന്നതിനായി ഇ-ഡിക്ലറേഷന്‍ സംവിധാനം നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും കേന്ദ്രനിലപാട് അതിനെതിരായെന്ന് ധനമന്ത്രി പറഞ്ഞു. പിരിച്ച നികുതിയില്‍ വിതരണം ചെയ്യാതെ കേന്ദ്രസര്‍ക്കാരിന്റെ പക്കല്‍ അവശേഷിക്കുന്നത് 1.35 ലക്ഷം കോടി. ഈ പണം കിട്ടാത്തതിന്റെ തിരിച്ചടിയേല്‍ക്കുന്നത് കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്കാണ്. പെട്രോളിനുമേലുള്ള വില്‍പന നികുതിയിലും രജിസ്‌ട്രേഷനിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും വളര്‍ച്ച മന്ദഗതിയിലാണ്.

ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ലെന്ന് ധനമന്ത്രി വിമര്‍ശിച്ചു. ഇത് നികുതിപിരിവിനെ ബാധിച്ചു. കേന്ദ്രം ഈ നികുതിപിരിവിന്റെ വിഹിതം യഥാസമയം കൈമാറുന്നില്ല. ജിഎസ്ടിയുടെ നേട്ടം കോര്‍പറേറ്റുകള്‍ക്കാണ്. ആകെ റവന്യൂ വരുമാനത്തിന്റെ വളര്‍ച്ച 7.7 ശതമാനം മാത്രമെന്നും ഐസക് . നവംബര്‍ വരെയുള്ള നികുതിപിരിവിലും ഇടിവ്. ജിഎസ്ടി ഭരണസംവിധാനം ഇതുവരെ പ്രാവര്‍ത്തികമാകാത്തതാണ് കാരണം. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

ജിഎസ്ടി നടപ്പാക്കലിലെ അപാകത സംസ്ഥാനത്തിന് തിരിച്ചടിയായി. ജിഎസ്ടി വന്നതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ജീവമായി.

ഓഖി ദുരന്തം പോലെയാണ് നോട്ടുനിരോധനം തകര്‍ച്ചയുണ്ടാക്കിയത്. ഒന്നു പ്രകൃതിനിര്‍മിതമെങ്കില്‍ രണ്ടാമത്തേത് മനുഷ്യനിര്‍മിതമായിരുന്നു. ഓഖി ദുരന്തത്തില്‍ പുരുഷന്മാര്‍ മരിച്ച കുടുംബങ്ങളുടെ ചുമതല ഏറ്റെടുക്കുന്ന സ്ത്രീകളെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രകീര്‍ത്തിച്ചു.

DONT MISS
Top