ബജറ്റ് പ്രസംഗത്തില്‍ സ്‌കൂള്‍ കലോത്സവത്തിലെ കവിത ഉദ്ധരിച്ച് മന്ത്രി തോമസ് ഐസക്ക്

സ്‌നേഹയുടെ കവിത

തിരുവനന്തപുരം: മന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ പാലക്കാട് പുലാപ്പറ്റ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കവിതയും ഇടംപിടിച്ചു. പുലാപ്പറ്റ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ എന്‍പി സ്‌നേഹ ‘ അടുക്കള’ എന്ന വിഷയത്തെ അധികരിച്ച് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എഴുതിയ കവിതയാണ് മന്ത്രി ബജറ്റില്‍ പരാമര്‍ശിച്ചത്.

ഓഖി ദുരത്തിന് ഇരകളായ കുടുംബത്തിലെ സ്ത്രീകളുടെ ദുരിതത്തെ ചൂണ്ടിക്കാണിക്കാനാണ് മന്ത്രി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കവിത പരാമര്‍ശിച്ചത്. സ്‌കൂള്‍ കലോത്സവത്തില്‍ പുലാപ്പറ്റ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ എന്‍പി സ്‌നേഹ ‘ലാബ്’ എന്ന പേരില്‍ എഴുതിയ കവിത ഇങ്ങനെയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി കവിത ചൊല്ലിയത്.

‘ കെമിസ്ട്രി സാറാണ് പറഞ്ഞത് അടുക്കള ഒരു ലാബാണെന്ന്. പരീക്ഷിച്ച് നിരീക്ഷിച്ച് നിന്നപ്പോഴാണ് കണ്ടത് വെളുപ്പിന് ഉണര്‍ന്ന് പുകഞ്ഞ് പുകഞ്ഞ് തനിയെ സ്റ്റാര്‍ട്ടാകുന്ന കരിപുരണ്ട, കേടുവന്ന ഒരു മെഷീന്‍. അവിടെയെന്നും സോഡിയം ക്ലോറൈഡ് ലായനി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് …’ ഈ കവിതയാണ് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ ചൊല്ലിയത്.

നേരത്തെ സ്‌നേഹയുടെ ഈ കവിത സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പുലാപ്പറ്റ എംഎന്‍കെഎം ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ സ്‌നേഹ ചേര്‍പ്പുളശേരി ഉപജില്ലാ കലോത്സവത്തിലാണ് അടുക്കള എന്ന ഈ കവിത രചിച്ചത്.

പാലക്കാട് എലമ്പിലാശ്ശേരി കെഎയുപി സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനും ഉപജില്ലാ കലോത്സവത്തിന്റെ പ്രോഗ്രാം കമ്മിറ്റിയംഗവുമായിരുന്ന പിഎംനാരായണനാണ് ഏറെ വ്യത്യസ്തമായ ഈ കവിത തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

മന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ നിരവധി സാഹിത്യസൃഷ്ടികള്‍ പരാമര്‍ശിച്ചിരുന്നു.പ്രമുഖ എഴുത്തുകാരായ സുഗതകുമാരി, പി വല്‍സല , സാറ തോമസ്, വിഎം സുഹ്‌റ, ഗ്രേസി, ഇന്ദുമേനോന്‍, ജയശ്രീ മിശ്ര, വിജയലക്ഷ്മി, കെ ആര്‍ മീര ഇന്ദുമേനോന്‍, തുടങ്ങിയവര്‍ പലഘട്ടങ്ങളിലായി മന്ത്രിയുടെ പ്രസംഗത്തില്‍ കടന്നുവന്നു. ഇതിനിടെയാണ് പുലാപ്പറ്റ സ്‌കൂളിലെ കൊച്ചു കവിയും കവിതയും മന്ത്രിയുടെ പ്രസംഗത്തില്‍ കടന്നുവന്നത്. സ്ത്രീ ശാക്തീകരണത്തിന് ഊന്നല്‍ കൊടുത്തുള്ള ബജറ്റില്‍ വനിതാ എഴുത്തുകാരെയാണ് മന്ത്രി പരാമര്‍ശിച്ചതെന്നതും ശ്രദ്ധേയമായി.

DONT MISS
Top