രാജകീയ വിവാഹത്തില്‍ മേഗന്റെ ബ്രൈഡ്‌മെയ്ഡാകുമോ പ്രിയങ്ക?; താരത്തിന്റെ പ്രതികരണത്തില്‍ ആവേശഭരിതരായി ആരാധകര്‍

ഹാരി രാജകുമാരന്റെയും അമേരിക്കന്‍ ടെലിവിഷന്‍ താരമായ മേഗന്‍ മാര്‍ക്കിളിന്റെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ലോകം മുഴുവന്‍. വിവാഹവുമായി ബന്ധപ്പെട്ട ഒരോ പുതിയ വിശേഷങ്ങള്‍ക്കുമായി ലോകം കാതോര്‍ക്കുന്നതിനിടെയാണ് ബോളിവുഡ് ആരാധകരെ ഏറെ സന്തോഷിപ്പിച്ച ആ വാര്‍ത്തയെത്തിയത്. മേഗന്‍ മാര്‍ക്കിളിന്റെ അടുത്ത സുഹൃത്താണ് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയെന്ന്. വാര്‍ത്ത അറിഞ്ഞത് മുതല്‍ പ്രിയങ്കയും മേഗനും ഒന്നിച്ചുള്ള ഫോട്ടോകള്‍ക്ക് വേണ്ടിയുള്ള തെരച്ചിലായിരുന്നു ആരാധകര്‍.

ബ്രിട്ടിഷ് രാജകുടുംബത്തിലെ പുതിയ അതിഥി മേഗന്റ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ കണ്ട ആരാധകര്‍ക്ക് വ്യക്തമായി ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം. ഇതോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന രാജകീയ വിവാഹത്തിന് പ്രിയങ്ക പങ്കെടുക്കുമെന്ന് ആരാധകര്‍ ഉറപ്പിച്ചു. ആരാധകരുടെ സന്തോഷം ഇരട്ടിയാക്കുന്ന വാര്‍ത്തയാണ് ഇപ്പോഴെത്തുന്നത്. പ്രിയങ്ക മേഗന്റെ ബ്രൈഡല്‍ മെയ്ഡായേക്കുമെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ഒരു അഭിമുഖത്തിനിടെ താരം നല്‍കിയ മറുപടിയാണ് ആരാധകരുടെ ആകാംക്ഷയെയും പ്രതീക്ഷയെയും ഇരട്ടിപ്പിച്ചത്. ഹാര്‍പേര്‍സ് ബാസര്‍ അറേബ്യ എന്ന മാഗസിന് നല്‍കിയ ഇന്റര്‍വ്യൂവിനിടെ അടുത്ത സുഹൃത്തായ മേഗന്റെ വിവാഹത്തിന് ബ്രൈഡ്‌മെയ്ഡ് ആകുമോ എന്ന ചോദ്യത്തിന് താരം നല്‍കിയ ഉത്തരം ആണ് ആരാധകരെ സന്തോഷിപ്പിച്ചത്. കല്യാണ ദിവസം എന്നെ അവിടെ കാണുമ്പോള്‍ ഉത്തരം കിട്ടുമെന്നായിരുന്നുഎന്നായിരുന്നു പ്രിയങ്കയുടെ മറുപടി. ഉത്തരം കേട്ടതോടെ ആരാധകര്‍ ഉറപ്പിച്ചു മേര്‍ഗന്റെ ബ്രൈഡ്‌മെയ്ഡായി കല്യാണ ദിവസം പ്രിയങ്ക എത്തുമെന്ന്.

അമേരിക്കന്‍ ടെലിവിഷന്‍ ഷോകളിലൂടെയാണ് പ്രിയങ്ക ചോപ്രയും മേര്‍ഗന്‍ മാര്‍ക്കിളും അടുത്ത സുഹൃത്തുക്കളാകുന്നത്. പ്രിയങ്ക രാജകീയ വിവാഹത്തിന് എത്തുമോ എന്ന അന്വേഷണം ആരാധകര്‍ തകൃതിയായി നടത്തുമ്പോള്‍ ഉറ്റ സുഹൃത്ത് രാജ കുടുംബത്തിലെ അംഗമാകാന്‍ പോകുന്ന സന്തോഷത്തിലാണ് പ്രിയങ്ക. രാജ കുടുംബത്തിലെ അംഗമാകാന്‍ ആരെക്കാളും യോഗ്യതയുള്ളയാളാണ് മേഗന്‍ എന്നാണ് പ്രിയങ്ക പറയുന്നത്. ബ്രീട്ടിഷ് രാജകുമാരന്റെ വധു എന്നതിന് അപ്പുറം മേര്‍ഗനില്‍ ഏറെ സവിശേഷതകളുണ്ടെന്ന് പ്രിയങ്ക പറയുന്നു.

അവര്‍ ഒരു മികച്ച കലാകാരിയാണ്, അതിനെക്കാള്‍ ഉപരി ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയും സമൂഹിക പ്രവര്‍ത്തകയും. ഇതുകൊണ്ട് തന്നെ രാജകീയ കുടുംബത്തിന്റെ ഭാഗമാകാനുള്ള എല്ലാ യോഗ്യതകളും തന്റെ ഉറ്റ സുഹൃത്തിനുണ്ടെന്നും പ്രിയങ്ക അഭിമുഖത്തില്‍ വ്യക്തമാക്കി. വിവാഹദിനം ദമ്പതികള്‍ക്ക് നല്‍കാനുള്ള വിവാഹ സമ്മാനം കണ്ടെത്താനുള്ള തിരക്കിലാണ് താനിപ്പോഴെന്നും പ്രിയങ്ക വ്യക്തമാക്കി. വിവാഹത്തിന് നല്‍കാനുള്ള സമ്മാനത്തിനായി അലയുമ്പോള്‍ ഒരു നല്ല പുസ്തകം സമ്മാനമായി ലഭിക്കാനായിരിക്കും മോര്‍ഗന്‍ ആഗ്രഹിക്കുകയെന്നും അവള്‍ അതില്‍ ഏറെ തൃപ്തയായിരിക്കുമെന്നും പ്രിയങ്ക പറയുന്നു.

മുപ്പത്തി മൂന്നുകാരനായ ഹാരി രാജകുമാരനും മേര്‍ഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം മെയ് 19ന് വിന്‍ഡ്‌സറിലെ സെന്റ് മേരീസ് ചാപ്പലില്‍ വെച്ചാണ് നടക്കുക. രാജകീയ വിവാഹത്തിനായി ലോകം കാത്തിരിക്കുമ്പോള്‍ ഇരുവരുടെയും പ്രണയവും വിവാഹവും ആസ്പദമാക്കി ഹാരി ആന്റ് മേഗന്‍ ദി റോയല്‍ ലവ് സ്‌റ്റോറി എന്ന പേരില്‍ ഒരു ടെലിവിഷന്‍ പരമ്പര എത്തുന്നു എന്ന വാര്‍ത്തയും ആരാധകര്‍ക്ക് സന്തോഷം പകരുന്നതാണ്. 2016 മുതല്‍ ഇരുവരും പ്രണയത്തിലാണ്.

DONT MISS
Top