ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഇന്ന് ഡര്‍ബനില്‍

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. ആറ് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഡര്‍ബനിലാണ് നടക്കുന്നത്. വൈകിട്ട് നാല് മണിക്ക് മത്സരം ആരംഭിക്കും. ടെസ്റ്റ് പരമ്പര 1-2 ന് കൈവിട്ട ഇന്ത്യയ്ക്ക് ഏകദിന പരമ്പരയില്‍ വിജയം അനിവാര്യമാണ്. വിജയത്തോടെ പരമ്പരയ്ക്ക് തുടക്കം കുറിക്കാനാകും ഇരുടീമുകളും ലക്ഷ്യം വെക്കുന്നത്. ലോകറാങ്കിംഗില്‍ ഒന്നും രണ്ട് സ്ഥാനങ്ങളിലാണ് ദക്ഷിണാഫ്രിക്കയും ഇന്ത്യയും.

ഏകദിനത്തില്‍ ഏത് പിച്ചിലും മികച്ച പ്രകടനം നടത്താന്‍ ഇന്ത്യന്‍ ടീമിന് കഴിയാറുണ്ട്. അതിനാല്‍ത്തന്നെ ഉജ്ജ്വലപോരാട്ടം പരമ്പരയില്‍ പ്രതീക്ഷിക്കാം. ഹിറ്റ്മാന്‍ രോഹിത് ശര്‍മ, ധവാന്‍, ക്യാപ്റ്റന്‍ കോഹ്‌ലി, എംഎസ് ധോണി, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യെ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര സുശക്തം. ഷമി, ഭുവനേശ്വര്‍, ബൂമ്‌റ പേസ് ത്രയവും കുല്‍ദീപ്, ചഹാല്‍ എന്നിവരും ചേരുമ്പോള്‍ ബൗളിംഗും കെങ്കേമം തന്നെ. നാട്ടില്‍ നടന്ന പരമ്പരയില്‍ ശ്രീലങ്കയെ 21 ന് തകര്‍ത്തതിന്റെ ആത്മവിശ്വാസവും ഇന്ത്യയ്ക്ക് കൂട്ടായുണ്ട്.

മറുവശത്ത് ആതിഥേയരും മോശക്കാരല്ല. ഏകദിനത്തിലെ ശക്തിദുര്‍ഗങ്ങളാണ് ദക്ഷിണാഫ്രിക്ക. എങ്കിലും അവരുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ഡിവില്ലിയേഴ്‌സിന് പരുക്കേറ്റത് തിരിച്ചടി ആയിട്ടുണ്ട്. ആദ്യ മൂന്ന് മത്സരങ്ങള്‍ എബിഡിക്ക് നഷ്ടമാകും. എന്നാലും കാര്യമായ പോരായ്മകളൊന്നും ബാറ്റിംഗില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഹാഷിം അംല, ഡി കോക്ക്, ഡുപ്ലെസി, മില്ലര്‍ എന്നിവര്‍ ബാറ്റിംഗ് നിരയ്ക്ക് കരുത്ത് പകരും. ഫിലാന്‍ഡര്‍, ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തകര്‍ത്ത അരങ്ങേറ്റക്കാരന്‍ ലുംഗി, മോര്‍ക്കല്‍ എന്നിവരടങ്ങിയ പേസ് നിരയും ശക്തം തന്നെ.

ഒരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും ദക്ഷിണാഫ്രിക്കയുടെ ബൗളര്‍മാരും തമ്മിലുള്ള പോരാട്ടായിരിക്കും ഏകദിന പരമ്പര. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ കരിയറിലെ തന്റെ മൂന്നാം ഇരട്ട സെഞ്ച്വറി തികച്ച രോഹിത് ശര്‍മ തന്നെയാകും ദക്ഷിണാഫ്രിക്കയുടെ നോട്ടപ്പുള്ളി. പിന്നെ കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യയുടെ റണ്‍മെഷീനായി പ്രവര്‍ത്തിക്കുന്ന ക്യാപ്റ്റന്‍ കോഹ്‌ലി. ഇരുവരെയും പിടിച്ച് നിര്‍ത്താനായാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയത്തിന് പ്രയാസപ്പെടേണ്ടി വരില്ല.

പരമ്പര വിജയം ലോകറാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരെയും നിര്‍ണയിക്കും. ഇപ്പോള്‍ 120 പോയിന്റുമായാണ് ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 119 പോയിന്റുകളാണുള്ളത്. പരമ്പര 4-2 ന് നേടാനായാല്‍ ഇന്ത്യയ്ക്ക് ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലെയും ഒന്നാം സ്ഥാനം സ്വന്തമാക്കാം.

DONT MISS
Top