എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടിയുടെ വിശദാംശങ്ങള്‍ ഹെെക്കോടതി തേടി

എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ നടപടിയുടെ വിശദാംശങ്ങള്‍ സര്‍ക്കാരിനോട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ തിരുവനന്തപുരം സ്വദേശിനി മഹാലക്ഷ്മി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.

കേസിന്റെ സാമൂഹിക ധാര്‍മിക വശങ്ങള്‍ പരിശോധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

എകെ ശശീന്ദ്രന്‍ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യാനിരിക്കെയാണ് ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രാജ്ഭവനിലാണ് ചടങ്ങുകള്‍ നടക്കുക. ഗതാഗതവകുപ്പ് തന്നെ ശശീന്ദ്രന് തിരികെ ലഭിച്ചേക്കുമെന്നാണ് സൂചന.

ഫോണ്‍ കെണി വിവാദത്തില്‍ രാജിവെച്ച എകെ ശശീന്ദ്രന്‍ പത്ത് മാസത്തിന് ശേഷമാണ് മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത്. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കായി തന്നെ സമീപിച്ച ചാനല്‍ പ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന വാര്‍ത്ത പുറത്തു വിട്ടതോടെയാണ് എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.

DONT MISS
Top