പുതിയ 50, 200 രൂപ കറന്‍സികള്‍ പുനപരിശോധിക്കണമെന്ന് ദില്ലി ഹൈക്കോടതി

പ്രതീകാത്മക ചിത്രം

ദില്ലി: റിസര്‍വ് ബാങ്ക് പുതുതായി ഇറക്കിയ 50, 200 രൂപ കറന്‍സികള്‍ പിന്‍വലിച്ച് പുതിയത് ഇറക്കുന്ന കാര്യം പരിഗണിച്ചുകൂടേയെന്ന് ദില്ലി ഹൈക്കോടതി. പുതിയ നോട്ടുകള്‍ കാഴ്ചാവൈകല്യമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി, കേന്ദ്രസര്‍ക്കാരിനോടും റിസര്‍വ് ബാങ്കിനോടും നിലപാട് ആരാഞ്ഞത്.

പുതിയ അമ്പതിന്റെയും ഇരുന്നൂറിന്റെയും നോട്ടുകളുടെ വലുപ്പ വ്യത്യാസം കാഴ്ചാവൈകല്യമുള്ളവര്‍ക്ക് തിരിച്ചറിയാന്‍ പ്രസാസം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ദില്ലിയിലെ ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ്‌സ് ആണ് പൊതു താല്‍പര്യഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ദില്ലി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഗീത മിത്തലിന്റെയും ജസ്റ്റീസ് സി ഹരിശങ്കറിന്റെയും ബെഞ്ച് നോട്ടുകള്‍ പിന്‍വലിച്ച് പകരം പുതിയത് ഇറക്കുന്ന കാര്യം കേന്ദ്രത്തോടും ആര്‍ബിഐയോടും ആരാഞ്ഞത്.

2016 ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നോട്ടുനിരോധനത്തെ തുടര്‍ന്നുണ്ടായ ചില്ലറ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ 200 രൂപയുടെയും അമ്പതിന്റെയും കറന്‍സികള്‍ ആര്‍ബിഐ പുറത്തിറക്കിയത്.

1,2,5,10 രൂപ നാണയങ്ങളും കാഴ്ചാവൈകല്യമുള്ളവര്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇവ മാറ്റാന്‍ ഉത്തരവിടണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

DONT MISS
Top