പ്രതിഷേധങ്ങള്‍ക്കിടെ വീണ്ടും മന്ത്രിസഭയിലേക്ക്; എകെ ശശീന്ദ്രന്റെ സത്യ പ്രതിജ്ഞ ഇന്ന്

എകെ ശശീന്ദ്രന്‍

തിരുവനന്തപുരം:  എകെ ശശീന്ദ്രന്‍ എംഎല്‍എ മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എകെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതൃത്വം മുഖ്യമന്ത്രിക്ക് കഴിഞ്ഞദിവസം കത്ത് നല്‍കിയിരുന്നു.  മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്ററാണ് എകെജി സെന്ററിലെത്തി മുഖ്യമന്ത്രിയ്ക്ക് കത്ത് കൈമാറിയത്.

ഗവര്‍ണറുമായി കൂടിയാലോചിച്ച് തീരുമാനങ്ങള്‍ അറിയിക്കുമെന്നാണ് മുഖ്യമന്ത്രി പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ് സത്യപ്രതിജ്ഞ നടത്തണമെന്നാണ് എന്‍സിപി നേതൃത്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഫോണ്‍ കെണി വിവാദത്തില്‍ കുടുങ്ങിയ എകെ ശശീന്ദ്രന്‍ പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക കോടതിയില്‍ മൊഴി മാറ്റിയതോടെയാണ് കുറ്റവിമുക്തനായത്.

ഉച്ചകഴിഞ്ഞ് രാജ്ഭവനിലാണ് ചടങ്ങുകള്‍ നടക്കുക. ഗതാഗതവകുപ്പ് തന്നെ ശശീന്ദ്രന് തിരികെ ലഭിച്ചേക്കുമെന്നാണ് സൂചന. തീരുമാനമെടുക്കാന്‍ മുന്നണിനേതൃത്വം മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് ഗവര്‍ണറുടെ സമയം തേടിയിരിക്കുന്നത്.

ഫോണ്‍ കെണി വിവാദത്തില്‍ രാജിവെച്ച എകെ ശശീന്ദ്രന്‍ പത്ത് മാസത്തിന് ശേഷമാണ് മന്ത്രിസഭയിലേക്ക് തിരിച്ചുവരുന്നത്. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കായി തന്നെ സമീപിച്ച ചാനല്‍ പ്രവര്‍ത്തകയോട് അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന വാര്‍ത്ത പുറത്തു വിട്ടതോടെ 2017 മാര്‍ച്ച് 26-നാണ് എകെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.

അതേസമയം ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ വിധി ചോദ്യം ചെയ്ത് കഴിഞ്ഞ  ദിവസം സമര്‍പ്പിച്ചിട്ടുണ്ട് ഹര്‍ജി കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ് . കേസ് ഒത്തുതീര്‍പ്പാക്കുന്നതിനെതിരെ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയ സാമൂഹിക പ്രവര്‍ത്തക തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.  ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്.

DONT MISS
Top