നിര്‍ഭയ പീഡനം: ലിപ്സ്റ്റിക്കും വസ്ത്രധാരണവുമാണ് കാരണമെന്ന വിചിത്രവാദവുമായി അധ്യാപിക

സ്‌നേഹലത ശങ്കര്‍

റായ്പൂര്‍: നിര്‍ഭയ പീഡനത്തിന് കാരണം പെണ്‍കുട്ടിയുടെ വസ്ത്രധാരണവും ലിപ്സ്റ്റിക്ക് ഉപയോഗിച്ചതുമാണെന്ന വിചിത്രവാദവുമായി റായ്പൂര്‍ കേന്ദ്രീയ വിദ്യാലയത്തിലെ ബയോളജി അധ്യാപിക. രാത്രി 8.30 ന് ശേഷം  പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെ നഗരത്തില്‍ കണ്ടതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് സ്‌നേഹലത ശങ്കര്‍ എന്ന അധ്യാപിക വിദ്യാര്‍ത്ഥികളോട് വിവാദമായ കാര്യങ്ങള്‍ പറഞ്ഞത്.

നിര്‍ഭയയെ വളര്‍ത്തിയ രീതിയില്‍ ഉണ്ടായ പിഴവുമൂലമാണ് രാത്രി വീട്ടില്‍ നിന്നും പുറത്തിറങ്ങി നടന്നത്. വളര്‍ത്തു ദോഷം മൂലമാണ് ഭര്‍ത്താവല്ലാത്ത ഒരാളുമായി രാത്രി കറങ്ങി നടന്നത്. ഇതാണ് പീഡനത്തിന്  കാരണമായത്. പീഡനം ഉണ്ടാകുന്നതിന്റെ കാരണം ഇരയാകുന്ന പെണ്‍കുട്ടികളാണെന്നും അധ്യാപിക വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

സ്ത്രീകളെ മുഴുവന്‍ അപമാനിക്കുന്ന വിധത്തില്‍ അധ്യാപിക നടത്തിയ ക്ലാസ് വിദ്യാര്‍ത്ഥികളാണ് റെക്കോര്‍ഡ് ചെയ്ത് പ്രിന്‍സിപ്പാളിനെ ഏല്‍പ്പിച്ചത്. അധ്യാപികയുടെ ക്ലാസിനെ കുറിച്ച് മാതാപിതാക്കളും അറിഞ്ഞതോടെ അധ്യാപികയ്ക്കെതിരെ നടപടി എടുക്കണം എന്നാവശ്യം ഉന്നയിച്ചു.

പെണ്‍കുട്ടികള്‍ ലിപ്സ്റ്റിക്കും ജീന്‍സും ധരിക്കുന്നത് ആണ്‍കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാനാണെന്നും സ്‌നേഹലത വിദ്യാര്‍ത്ഥികളോട് പറഞ്ഞു. അധ്യാപിക പറഞ്ഞ കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ എല്ലാവരെയും അറിയിച്ചതോടെ സംഭവത്തില്‍ ന്യായീകരണവുമായി അധ്യാപിക രംഗത്തെത്തി. ഏതാനും വിദ്യാര്‍ത്ഥികളെ രാത്രി വൈകി പുറത്തുവെച്ച് കണ്ടെന്നും അതുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോഴാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറഞ്ഞതെന്നുമാണ് സ്‌നേഹലത പറഞ്ഞത്.

വിദ്യാര്‍ത്ഥികളെ പുറത്തുകണ്ടപ്പോള്‍ അവരോട് വീട്ടില്‍ പോകാന്‍ ആവശ്യപ്പെട്ടു. സ്വന്തം സുരക്ഷ ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം പെണ്‍കുട്ടികള്‍ക്കുണ്ട് . നിര്‍ഭയ സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ആ രീതിയില്‍ സംസാരിച്ചതെന്നും അധ്യാപിക പറയുന്നു.  ശരിയായ രീതിയില്‍ വസ്ത്രം ധരിക്കാതെ പെണ്‍കുട്ടികളെ സ്‌കൂളില്‍ അയക്കരുതെന്ന് മാതാപിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും സ്‌നേഹലത പറഞ്ഞു.

DONT MISS
Top