രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റങ്ങൾ അനുവദിക്കില്ലെന്ന് ട്രംപ്

ട്രംപ് പാര്‍ലമെന്റില്‍ സംസാരിക്കുന്നു. വൈസ് പ്രസിഡന്റ് മൈക്ക്പെന്‍സ്, സ്പീക്കര്‍ പോള്‍ റെയാന്‍ എന്നിവര്‍ പിന്നില്‍

വാഷിങ്ടണ്‍: കുടിയേറ്റ കാര്യത്തില്‍ നയങ്ങള്‍ കൂടുതല്‍ കാര്‍ക്കശ്യമാക്കുമെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന കുടിയേറ്റങ്ങൾ അംഗീകരിക്കാനാകില്ലെന്ന് ട്രംപ് അറിയിച്ചു . കുടിയേറ്റത്തിന് പുതിയ നിയമനിർമാണം നടത്തുമെന്നും ട്രംപ് പറഞ്ഞു. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡൊണള്‍ഡ് ട്രംപ്.

കുടിയേറ്റ വിഷയത്തില്‍ മുന്‍ നിലപാട് ആവര്‍ത്തിച്ച ട്രംപ്, കുടിയേറിയവര്‍ തങ്ങളുടെ ബന്ധുക്കളെ കൊണ്ടുവരുന്ന ‘ചങ്ങലകുടിയേറ്റം’ പ്രോത്സാഹിപ്പിക്കില്ലെന്ന് വ്യക്തമാക്കി. കുടിയേറ്റക്കാരുടെ 18 ലക്ഷം കുട്ടികള്‍ക്ക് പൗരത്വം നല്‍കും.വിദ്യാഭ്യാസം, ജോലി, സ്വഭാവം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാവും ഇവര്‍ക്ക് പൗരത്വം നല്‍കുകയെന്ന് ട്രംപ് പറഞ്ഞു. ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതിനും ഇംഗ്ലീഷ് ഭാഷാനൈപുണ്യം, തൊഴില്‍ നൈപുണ്യം എന്നിവ പരിഗണിക്കുമെന്നും ട്രംപ് അറിയിച്ചു. പങ്കാളിയെയും കുട്ടികളെയും സ്‌പോണ്‍സര്‍ ചെയ്യുന്നത്അ വസാനിപ്പിക്കുന്നതോടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താനാകും. രാജ്യസുരക്ഷയ്ക്കും ഇത് അത്യന്ത്യാപേക്ഷിതമാണ്. സുരക്ഷിതവും ശക്തവുമായ അമേരിക്കയാണ്  തന്റെ ലക്ഷ്യമെന്നു വ്യക്തമാക്കിയ ട്രംപ് അഭിപ്രായ ഭിന്നതകള്‍ മറന്ന് രാജ്യനന്മക്കായ് ഏവരും ഒന്നിച്ചു നില്‍ക്കാനും ആഹ്വാനം ചെയ്തു.

ഉത്തരകൊറിയൻ ഭരണാധികാരി കിംഗ് ജോംഗ് ഉന്നിന്റെ സ്വേച്ഛാധിപത്യ തീരുമാനങ്ങൾക്കെതിരായ പോരാട്ടം തുടരുമെന്നും ആണവായുധ പരീക്ഷണങ്ങൾ അവസാനിപ്പിക്കാൻ അവർ തയാറാകണമെന്നും ട്രംപ് പറഞ്ഞു. അണ്വായുധങ്ങൾ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നും അതിനായി എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിൽക്കണമെന്നും ഐഎസ് ഭീകരരെ ചെറുക്കാൻ ആരുമായും സഹകരിച്ച് പ്രവർത്തിക്കാൻ അമേരിക്ക തയാറാണെന്നും ട്രംപ്  വ്യക്തമാക്കി. ഇറാക്കിൽ നിന്നും സിറിയയിൽ നിന്നും ഐഎസ് തുടച്ചു നീക്കപ്പെടുന്നത് ശുഭകരമായ കാര്യമാണെന്നും ട്രംപ് പറഞ്ഞു.

ജറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് യുഎസ് എംബസി അങ്ങോട്ട് മാറ്റാന്‍ തീരുമാനിച്ചത്‌ സെനറ്റിന്റെ ഏകകണ്ഠമായ പിന്തുണയോടെയായിരുന്നു. മറിച്ചുള്ള വിമർശനങ്ങൾ അടിസ്ഥാന രഹിതമാണെന്നും  അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ചൈനയും റഷ്യയും വെല്ലുവിളി ഉയർത്തുന്നവരാണെന്നു പറഞ്ഞ ട്രംപ് ,  നികുതി സംബന്ധിച്ച് തന്റെ ഭരണകൂടം കൈക്കൊണ്ട തീരുമാനങ്ങൾ ചെറുകിട വ്യവസായികൾക്ക് ഏറെ ഗുണം ചെയ്തുവെന്നും ചൂണ്ടിക്കാട്ടി.

കുപ്രിസിദ്ധമായ ഗ്വാണ്ടനാമോ ജയിലില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയതായും ട്രംപ് വ്യക്തമാക്കി.

തൊഴിലില്ലായ്മയുടെ നിരക്കിൽ വൻ കുറവാണ് തന്റെ ഭരണകാലത്ത് ഉണ്ടായത്. 45 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കാണ് ഇപ്പോൾ ഉള്ളത് .രാജ്യതാത്പര്യം സംരക്ഷിച്ചുകൊണ്ടുള്ള വ്യാപാര കരാറുകളിലായിരിക്കും ഇനിമുതൽ അമേരിക്ക ഏർപ്പെടുക. ഇതിന് മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു.

DONT MISS
Top