പിഞ്ചുകുട്ടികള്‍ക്ക് ക്രൂരപീഡനം; പിതാവും പിതൃസഹോദരനും അറസ്റ്റില്‍

മര്‍ദ്ദന ദൃശ്യം

ജയ്പൂര്‍: അഞ്ചും മൂന്നും വയസുള്ള സ്വന്തം കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചതിന് പിതാവ് അറസ്റ്റില്‍. രാജസ്ഥാനിലെ രാജസാമന്ദിലാണ് സംഭവം. അഞ്ചുവയസുകാരനായ കുട്ടിയെ കയറില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുന്നതും ഇളയസഹോദരിയായ മൂന്നുവയസുകാരിയെ തൊഴിക്കുകയും വടികൊണ്ട് ക്രൂരമായി തല്ലിച്ചതയ്ക്കുന്നതുമായ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ചൈല്‍ഡ് ലൈനിന്റെ പരാതി പ്രകാരം പൊലീസ് പിതാവിനെ കസ്റ്റഡിയിലെടുത്തത്.

32 വയസുകാരനായ ചെയിന്‍ സിംഗാണ് കുഞ്ഞുങ്ങളോട് മനസാക്ഷിയില്ലാത്ത ക്രൂരത കാട്ടിയത്. കുട്ടികളെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇയാളുടെ സഹോദരന്‍ വട്ടാസിംഗിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വസ്ത്രം അഴുക്കാക്കിയതിന് താന്‍ കുട്ടികളെ ശിക്ഷിക്കുകയായിരുന്നുവെന്നാണ് ചെയിന്‍ സിംഗ് പൊലീസിനോട് പറഞ്ഞത്. കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കാതെ ഇത് ചിത്രീകരിച്ച് ക്രൂരതയ്ക്ക് കൂട്ടുനിന്നതിനാണ് ഇയാളുടെ സഹോദരന്‍ വട്ടാസിംഗിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടികളുടെ അമ്മയും മറ്റ് ബന്ധുക്കളും സംഭവത്തിന് ദൃക്‌സാക്ഷികളായി ഉണ്ടായിരുന്നുവെങ്കിലും ഇവരാരും കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേര്‍ക്കുമെതിരേ കൊലപാതശ്രമത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ഒരു മിനിറ്റ് ദൗര്‍ഘ്യമുള്ള വീഡിയോ ദൃശ്യം മനസ് മരവിപ്പിക്കുന്നതാണ്. ആക്രമണം സഹിക്കാതെ കുട്ടികള്‍ വാവിട്ടു കരയുന്നുണ്ടെങ്കിലും പിതാവ് ആക്രമണം അവസാനിപ്പിക്കുന്നില്ല. ഇതിനിടെ പിതാവിന്റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ മൂന്നുവയസുകാരി ശ്രമിക്കുന്നതിനിടെ കുട്ടിയെ തൊഴിച്ചുവീഴ്ത്തിയശേഷം വടികൊണ്ട് ക്രൂരമായി പിതാവ് തല്ലിച്ചതയ്ക്കുന്നതാണ് ദൃശ്യത്തിലുള്ളത്.

കുട്ടികളുടെ നിര്‍ത്താതെയുളള കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ചാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയതും പിന്നീട് സംഭവം പൊലീസില്‍ അറിയിച്ചതും. കുട്ടികളെ ഇങ്ങനെ സ്ഥിരമായി മര്‍ദ്ദിക്കുന്നത് പതിവാണെന്നും പെരുമാറ്റവൈകല്യമുള്ളയാളാണ് ചെയിന്‍ സിംഗെന്നും അയല്‍വാസുകള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസം ബംഗളൂരുവില്‍ സമാനമായ രീതിയില്‍ പത്തുവയസുകാരനായ സ്വന്തം കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പിതാവിനെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. 37 വയസുകാരനായ മഹേന്ദ്രകുമാറാണ് അറസ്റ്റിലായത്.

പിതാവിന്റെ ക്രൂരമായ മര്‍ദ്ദന ദൃശ്യങ്ങള്‍ മാതാവ് മൊബൈലില്‍ പകര്‍ത്തി സൂക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീട് മൊബൈല്‍ നന്നാക്കാനായി നല്‍കിയപ്പോള്‍ കടക്കാരാണ് ഈ ദൃശ്യങ്ങള്‍ കണ്ട് പൊലീസില്‍ അറിയിച്ചത്. കട്ടിലിലേക്ക് കുട്ടിയെ എടുത്ത് എറിയുന്നതും ക്രൂരമായി ആക്രമിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് കുട്ടിയെ പിതാവ് അടിക്കുന്നുമുണ്ട്. അനുസരണക്കേട് കാട്ടുമ്പോള്‍ പേടിപ്പിക്കാനാണ് പിതാവിന്റെ മര്‍ദ്ദനദൃശ്യങ്ങള്‍ ഫോണില്‍ സൂക്ഷിച്ചതെന്നാണ് സംഭവത്തില്‍ മാതാവ് പൊലീസിന് നല്‍കിയ മൊഴി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് പിതാവ് ഒളിവില്‍ പോയെങ്കിലും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

DONT MISS
Top