കൊല്ലം കമ്മീഷ്ണർ ഓഫീസ് മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ വിവാദത്തിൽ

കൊല്ലം: കൊല്ലം കമ്മീഷ്ണർ ഓഫീസ് മേൽപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ വിവാദത്തിൽ. ടാറിംങ് എന്ന പേരിൽ ഒരു മാസമായി പാലം അടച്ചിട്ട്‌ അറ്റകുറ്റപ്പണി നടത്തുന്നത് ബലക്ഷയം കാരണമെന്നാണ് ആക്ഷേപം. കോൺക്രീറ്റ് സ്ലാബുകൾ ബന്ധിപ്പിക്കുന്ന എക്സ്പാൻഷൻ ലാൻഡിങ് ഉൾപ്പെടെ മാറ്റി സ്ഥാപിച്ചിട്ടും നടക്കുന്നത് ടാറിംങ് മാത്രമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.

കൊല്ലം നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി 2014 പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത പാലം ചുരുങ്ങിയ കാലത്തിനുള്ളിൽ വീണ്ടും അറ്റകുറ്റപ്പണി നടത്തുകയാണ്. ടാറിങ്ങിന് മാത്രമായി പാലം അടച്ചിടുന്നു എന്നാണ് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതെങ്കിലും ഒരുമാസമായി നീണ്ടുകിടക്കുന്ന അറ്റകുറ്റപ്പണികൾ ആണ് പാലത്തില്‍ നടക്കുന്നത് .

പാലത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ ബന്ധിപ്പിക്കുന്ന എക്സ്പാൻഷൻ ലാൻഡിങ് ഉൾപ്പെടെ മാറ്റി സ്ഥാപിക്കുന്നത് ഇവിടെ കാണാൻ കഴിയും. 40 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിയാണിത്. പാലത്തിൽ ഏതുതരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് നഗരവാസികൾക്ക് പോലും അറിയില്ല.

പാലത്തിന്റെ നിർമ്മാണ സമയത്ത് തന്നെ പണിയുടെ നിലവാരത്തെപ്പറ്റി ആക്ഷേപം ഉയർന്നിരുന്നു. ടാറിംങ് മാത്രമാണെങ്കിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് തീർക്കാമെന്നിരിക്കെ ഒരു മാസത്തേക്ക് പാലം അടച്ചിട്ടത് ഗുരുതരമായ പ്രശ്നം ആണെന്നാണ് കരുതുന്നത് . എന്നാൽ പാലത്തിന് ബലക്ഷയമോ,നിർമാണത്തിൽ പാളിച്ചകളോ ഇല്ലെന്നാണ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ വിശദീകരണം.

DONT MISS
Top