പത്മ പുരസ്‌ക്കാര നിര്‍ണയത്തില്‍ സംസ്ഥാന സര്‍ക്കാറിനെ നോക്കുകുത്തിയാക്കി കേന്ദ്ര സര്‍ക്കാര്‍; കേരള സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത പേരുകള്‍ ഒഴിവാക്കി

തിരുവനന്തപുരം: മലയാളികള്‍ക്ക് ഇത്തവണ പത്മപുരസ്‌കാരങ്ങള്‍ ലഭിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശയില്ലാതെ. പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പട്ടിക പൂര്‍ണമായി തളളിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തവണ പത്മ പുരസ്‌ക്കാരങ്ങള്‍ തീരുമാനിച്ചത്.

പത്മ പുരസ്‌ക്കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത 42 പേരുടെ പട്ടിക പൂര്‍ണമായും തള്ളിക്കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് മാത്രമാണ് പത്മഭൂഷണ്‍ നല്‍കിയിരിക്കുന്നത്.

പി പരമേശ്വരനാണ് ഇത്തവണ പത്മവിഭൂഷണ്‍ ലഭിച്ച ഏക മലയാളി. പത്മവിഭൂഷണിനായി സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നത് സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരെ ആയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ താല്‍പര്യം പൂര്‍ണമായും തള്ളിയാണ് കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസ് ചിന്തകന്‍ പി പരമേശ്വരന് പത്മവിഭൂഷണ്‍ നല്‍കിയത്.

മമ്മൂട്ടി, മോഹന്‍ലാല്‍, കലാമണ്ഡലം ഗോപി, പെരുവനം കുട്ടന്‍ മാരാര്‍, സുഗതകുമാരി, ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്നിവരെയാണ് പത്മഭൂഷണിനായി കേരളം ശുപാര്‍ശ ചെയ്തത്. ഇതില്‍ മറ്റുള്ള പേരുകള്‍ തള്ളിയാണ് മാര്‍തോമ സഭ വലിയ മെത്രാപ്പോലീത്താ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് മാത്രം പുരസ്‌ക്കാരം നല്‍കിയിരിക്കുന്നത്.

പ്രൊഫ എംകെ സാനു, ടി പത്മനാഭന്‍, സി രാധാകൃഷ്ണന്‍, സൂര്യകൃഷ്ണമൂര്‍ത്തി, കാനായി കുഞ്ഞിരാമന്‍, ആര്‍ടിസ്റ്റ് നമ്പൂതിരി, നെടുമുടി വേണു, ഡോ വിപി ഗംഗാധരന്‍, ഡോബി ഇക്ബാല്‍, ഐഎം വിജയന്‍ തുടങ്ങി 35 പേരെ പത്മശ്രീ പുരസ്‌ക്കാരത്തിന് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഈ പട്ടികയും പൂര്‍ണമായി തള്ളിയ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിന്റെ പട്ടികയിലില്ലാതിരുന്ന ലക്ഷ്മിക്കുട്ടി അമ്മ, ഡോ എംആര്‍ രാജഗോപാല്‍ എന്നിവര്‍ക്കാണ് പത്മശ്രീ നല്‍കിയത്.

ചുരുക്കത്തില്‍ സംസ്ഥാന സര്‍ക്കാറിനെ പത്മ പുരസ്‌ക്കാര നിര്‍ണയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാക്കി. പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

DONT MISS
Top