ജീവനല്ലേ ഏറ്റവും വിലപിടിപ്പുള്ളത്? കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരണത്തോട് മല്ലടിച്ച് റോഡില്‍ കിടന്ന യുവാവിനെ രക്ഷിച്ച അഭിഭാഷക ചോദിക്കുന്നു

കൊച്ചി: എറണാകുളം പത്മ ജംഗ്ഷന് സമീപം ബഹുനിലകെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് യുവാവ് മണിക്കൂറുകള്‍ മരണത്തോട് മല്ലടിച്ച് റോഡില്‍ കിടന്നപ്പോള്‍ രക്ഷകയായത് ഹൈക്കോടതി അഭിഭാഷക രജ്ഞിനിയാണ്. രജ്ഞിനിയുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് മാത്രമാണ് തൃശൂര്‍ സ്വദേശിയായ സജി എന്ന യുവാവ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്.

എറണാകുളം പത്മ ജംഗ്ഷന് സമീപം ലോഡ്ജില്‍ താമസിക്കുകയായിരുന്ന സജി അപസ്മാരമുണ്ടായതിനെത്തുടര്‍ന്നാണ് തലകറങ്ങി മൂന്നുനില കെട്ടിടത്തില്‍ നിന്ന് താഴെ വീണത്.

സജി വീഴുന്ന സമയത്ത് റോഡിലും പരിസരത്തുമായി നിരവധിയാളുകളുണ്ടായിരുന്നെങ്കിലും ഒരാളുപോലും സഹായത്തിനെത്തിയില്ല. രക്തമൊലിപ്പിച്ച് ജീവന് വേണ്ടി പിടഞ്ഞ് മണിക്കൂറുകളോളം ഒരു മനുഷ്യന്‍ റോഡില്‍ കിടന്നിട്ടും സ്ഥലത്തുണ്ടായിരുന്നവരൊക്കെ വെറും കാഴ്ചക്കാരായത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.

ഏറെ നേരം കഴിഞ്ഞാണ് അഭിഭാഷകയായ രജ്ഞിനി മകള്‍ക്കൊപ്പം ഇവിടെയത്തുന്നത്. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്ന വഴിയാണ് രജ്ഞിനി വഴിയില്‍ പരുക്കേറ്റ് കിടക്കുന്ന സജിയെ കണ്ട്ത്. ജീവനോളം വിലപിടിപ്പുള്ള മറ്റൊന്നില്ല എന്ന തിരിച്ചറിവില്‍ സ്വന്തം തിരക്കുകള്‍ മാറ്റിവെച്ച് ആ മനുഷ്യനെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു.

റോഡരുകില്‍ രക്തമൊലിപ്പിച്ച് ഒരു മനുഷ്യന്‍ കിടന്നിട്ടും ആരും തിരിഞ്ഞുനോക്കാതിരുന്നത് അമ്പരപ്പിച്ചുവെന്ന് രജ്ഞിനി പറയുന്നു. പിന്നീട് സമീപത്തുണ്ടായിരുന്നവരോട് ഒരുപാട് നിര്‍ബന്ധിച്ചശേഷമാണ് ചിലരെങ്കിലും സഹായിക്കാന്‍ തയ്യാറായത്. അപ്പോഴും യുവാക്കളെല്ലാം കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു.

അടുത്തുണ്ടായിരുന്ന ഓട്ടോയില്‍ സജിയെ എടുത്തുകയറ്റിയെങ്കിലും ഓട്ടോ ഡ്രൈവര്‍ വണ്ടിയെടുക്കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന് വേറെ വണ്ടി അന്വേഷിക്കുകയായിരുന്നു. പിന്നീട് അതുവഴി വന്ന കാര്‍ കൈകാണിച്ചു നിര്‍ത്തി അതിലാണ് സജിയെ ആശുപത്രിയിലെത്തിച്ചത്. സജി ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ജീവനല്ലേ ഏറ്റവും വിലപിടിപ്പുള്ളത് എന്ന് രജ്ഞിനി ചോദിക്കുന്നു. ആ മനുഷ്യനെ കാത്തിരിക്കുന്നവര്‍ ആരെങ്കിലുമൊക്കെയുണ്ടാകുമല്ലോ എന്നോര്‍ത്തപ്പോള്‍ എല്ലാവരെയും പോലെ കണ്ടില്ലെന്ന് നടിച്ച് പോകാന്‍ കഴിഞ്ഞില്ലെന്നും രജ്ഞിനി പറയുന്നു. ഇപ്പോള്‍ സജി അപകടനില തരണം ചെയ്തുവെന്നറിഞ്ഞപ്പോള്‍ സന്തോഷമുണ്ടെന്നും രജ്ഞിനി പ്രതികരിച്ചു.

DONT MISS
Top