‘കണ്ടിട്ടില്ലാത്ത ആ ചേച്ചിയ്ക്ക് മുന്നില്‍ ഞങ്ങള്‍ പുരുഷ സമൂഹം തലകുനിക്കുന്നു’; കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവാവിനെ രക്ഷിക്കാത്ത സംഭവത്തോട് പ്രതികരിച്ച് ജയസൂര്യ

കൊച്ചിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ യുവാവിനെ സഹായിക്കാതെ ആള്‍ക്കൂട്ടം കാഴ്ചക്കാരായി നിന്ന സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നടന്‍ ജയസൂര്യ. കൊച്ചി പത്മ ജംഗഷ്‌നില്‍ കഴിഞ്ഞ ദിവസമായിരുന്നു കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റയാളെ ആള്‍ക്കൂട്ടം രക്ഷിക്കാതെ കാഴ്ചക്കാരായി പെരുമാറിയ സംഭവമുണ്ടായത്.

ഫെയ്‌സ്ബുക്ക് ലൈവിലെത്തിയാണ് സംഭവത്തോടുള്ള രോഷം ജയസൂര്യ അറിയിച്ചത്.
പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള സാമാന്യ മര്യാദ കാണിക്കാത്തതില്‍ വിഷമമുണ്ടെന്ന് ജയസൂര്യ പറയുന്നു. അപകടത്തില്‍പ്പെട്ട് ജീവന് വേണ്ടി പിടയുന്നവരെ ആശുപത്രിയിലെത്തിക്കാനുള്ള മനസ്സ് നമ്മള്‍ കാണിക്കണം. കാണാത്ത ദൈവത്തെ സ്‌നേഹിക്കുന്നതിനേക്കാള്‍ കണ്‍മുന്നില്‍ കാണുന്നവനെയാണ് സ്‌നേഹിക്കേണ്ടതെന്നും ജയസൂര്യ പറയുന്നു.

ജയസൂര്യയുടെ ലൈവിലെ പ്രസക്ത ഭാഗങ്ങള്‍

ചെറിയൊരു വിഷമം പങ്കുവെയ്ക്കാനാണ് ലൈവില്‍ വരുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കൊച്ചിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരുക്കേറ്റ യുവാവിനെ ആശുപത്രിയിലെത്തിക്കാനുള്ള സാമാന്യ മര്യാദ കാണിക്കാതെ പോകുന്നതില്‍ വിഷമമുണ്ടെന്നും ജയസൂര്യ പറയുന്നു.

അത് കണ്ടുനിന്ന ആളുകളുടെ അച്ഛനോ അമ്മയ്‌ക്കോ സുഹൃത്തുക്കള്‍ക്കോ ആണ് ഇത്തരത്തില്‍ അപകടം പറ്റുന്നതെങ്കില്‍ പ്രതികരിക്കില്ലേയെന്നും ജയസൂര്യ ചോദിക്കുന്നു. ഒരാളെ ആശുപത്രിയിലെത്തിക്കുകയെന്നത് ഏറ്റവും നന്‍മയുള്ള കാര്യമാണ്. മറ്റുള്ളവരെ സഹായിച്ചില്ലെങ്കില്‍ നമ്മള്‍ ജീവിക്കുന്നതിന് എന്ത് അര്‍ത്ഥമാണുള്ളത്.

അപകടത്തില്‍പ്പെട്ട് ജീവന് വേണ്ടി പിടയുന്നവരെ ആശുപത്രിയിലെത്തിക്കാനുള്ള മനസ്സ് നമ്മള്‍ കാണിക്കണം. കാണാത്ത ദൈവത്തെ സ്‌നേഹിക്കുന്നതിനേക്കാള്‍ കണ്‍മുന്നില്‍ കാണുന്നവനെയാണ് സ്‌നേഹിക്കേണ്ടതെന്നും ജയസൂര്യ പറയുന്നു. കണ്‍മുന്നില്‍ കാണുന്നവനെ സ്‌നേഹിക്കാന്‍ പറ്റിയില്ലെങ്കില്‍ എങ്ങനെ ദൈവത്തെ സ്‌നേഹിക്കാന്‍ പറ്റുമെന്നും ജയസൂര്യ ചോദിക്കുന്നു.

എല്ലാവരുടെയും പേരുകള്‍ ദൈവത്തിന്റെ നന്‍മ പുസ്തകത്തില്‍ ഉണ്ടാകട്ടെ. ഒടുവില്‍ ആ യുവാവിനെ രക്ഷിക്കാന്‍ സന്‍മനസ് കാണിച്ച ആ അമ്മയോട് ,ചേച്ചിയോട്, നന്ദി പറയുന്നു. ഞങ്ങള്‍ പുരുഷ സമൂഹം ആ ചേച്ചിയ്ക്ക് മുന്നില്‍ തല കുനിക്കുന്നു. വാര്‍ത്ത കണ്ട് അത്രയും വിഷമം തോന്നിയിട്ടാണ് താന്‍ ഫെയ്‌സ്ബുക്ക് ലൈവിലെത്തിയതെന്നും ജയസൂര്യ പറയുന്നു.

തൃശൂര്‍ സ്വദേശി സജിയ്ക്കാണ് കെട്ടിടത്തിന്റെ മുകളില്‍നിന്നും വീണ് ഗുരുതരമായി പരുക്കേറ്റത്. ഇയാള്‍ക്ക് ഫിക്‌സ് വന്നതിനെ തുടര്‍ന്ന് തല കറങ്ങി താഴേക്ക് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് റോഡില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് മുകളില്‍ തട്ടി സജി ഫുട്പാത്തില്‍ വീഴുകയായിരുന്നു. സജി വീഴുമ്പോള്‍ സമീപത്ത് നിറയെ ആളുകളും വാഹനങ്ങളുമുണ്ടായിരുന്നു.

എന്നാല്‍ സജിയെ സഹായിക്കാനോ ആശുപത്രിയിലേക്ക് കൊണ്ടുപോകാനോ ആള്‍ക്കൂട്ടം മുതിരാത്തതും ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്. ഇത് കണ്ടുവന്ന വഴിയാത്രക്കാരിയായ വീട്ടമ്മ രോഷത്തോടെ ഇടപെടുന്നതും പരുക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റാന്‍ ജനക്കൂട്ടത്തോട് അഭ്യര്‍ത്ഥിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും കാണാം.

DONT MISS
Top