സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ തന്നെ

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി പി ജയരാജന്‍ വീണ്ടും ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം തവണയാണ് ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 49 അംഗ ജില്ലാ കമ്മറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്. ഇതില്‍ ആറുപേര്‍ പുതുമുഖങ്ങളാണ്. നിലവിലെ കമ്മറ്റിയില്‍ നിന്ന് മൂന്ന് പേരെ ഒഴിവാക്കിയിട്ടുണ്ട്.

സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി കെ മനോഹരന്‍ (പിണറായി), എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറി എം വിജിന്‍ (മാടായി), ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി വികെ സനോജ് (കൂത്ത്പറമ്പ്), സിപിഐഎം അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി പികെ ശബരീഷ് കുമാര്‍, ജനാധിപത്യമഹിളാ അസോസിയേഷന്‍ സംസ്ഥാനകമ്മിറ്റി മെമ്പര്‍ പികെ ശ്യാമള ടീച്ചര്‍ (തളിപ്പറമ്പ്), സിപിഐഎം തളിപ്പറമ്പ് എരിയ സെകട്ടറി പി മുകുന്ദന്‍ എന്നിവരാണ് ജില്ലാക്കമ്മറ്റിയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍.

വ്യക്തിപൂജാ വിഷയത്തിലെ സംസ്ഥാനസമിതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പി ജയരാജന്‍ വീണ്ടും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാവുന്നത്. പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാന്‍ മികച്ച പ്രകടനം നടത്തിയെന്ന വിലയിരുത്തലും കീഴ്ഘടകങ്ങളുടെ പിന്തുണയും പി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്തിച്ചത്. തെരഞ്ഞെടുപ്പുകളില്‍ ജയരാജന്റെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനം നടത്താന്‍ പാര്‍ട്ടിക്കായി. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും മുസ്‌ലിം ലീഗില്‍ നിന്നും നിരവധി പ്രവര്‍ത്തകരെ സിപിഐഎമ്മില്‍ എത്തിക്കാന്‍ ജയരാജനായി.

2010 ല്‍ പി ശശി സ്വഭാവദൂഷ്യത്തെ തുടര്‍ന്ന് മാറ്റി നിര്‍ത്തപ്പെട്ടതോടെയാണ് പി ജയരാജന്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തെത്തുന്നത്. പിന്നീട് 2011 ല്‍ പയ്യന്നൂരിലും 2015 ല്‍ കൂത്തുപറമ്പിലും നടന്ന ജില്ലാ സമ്മേളനങ്ങളില്‍ ജയരാജന്‍ എതിരില്ലാതെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ ജയിലിലായെങ്കിലും അണികള്‍ക്കിടയില്‍ ജയരാജന്റെ സ്വാധീനം വര്‍ധിക്കുകയാണുണ്ടായത്. ഈ പ്രതിച്ഛായ തന്നെയാണ് സ്വയം മഹത്വവത്കരിക്കാന്‍ ശ്രമിച്ചെന്ന പേരില്‍ സംസ്ഥാനസമിതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയതും. ജയരാജനെ ഒഴിവാക്കിയാല്‍ ശക്തികേന്ദ്രമായ കണ്ണൂരില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന വിലയിരുത്തല്‍ തന്നെയാണ് അദ്ദേഹത്തെ സെക്രട്ടറി സ്ഥാനത്ത് എത്തിക്കുന്നത്.

2001 മുതല്‍ 2011 വരെ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ നിയമസഭയിലെത്തി. സിപിഐഎം സംസ്ഥാനസമിതി അംഗമായ പി ജയരാജന്‍ സിഐടിയു ജില്ലാ സെക്രട്ടറി, റബ്‌കോ എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

DONT MISS
Top