റോജര്‍ ഫെഡറര്‍ക്ക് 20-ാം ഗ്രാന്‍ഡ്സ്ലാം കിരീടം: മുപ്പത്തിയാറിലും കരുത്തോടെ സ്വിസ് മാസ്‌ട്രോ

റോജര്‍ ഫെഡറര്‍

മെല്‍ബണ്‍: ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം. മരിന്‍ സിലിച്ച് എന്ന യുവരക്തത്തെ അഞ്ചുസെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ മുപ്പത്തിയാറുകാരനായ റോജര്‍ ഫെഡറര്‍ മുട്ടുകുത്തിച്ചു. ഇതോടെ പ്രായം എന്നത് വെറും സംഖ്യമാത്രമാണെന്ന് ഈ സ്വിസ് ഇതിഹാസം വീണ്ടും തെളിയിച്ചു.

ക്രൊയേഷ്യന്‍ താരം ഫെഡറര്‍ക്ക് മികച്ച വെല്ലുവിളിയുയര്‍ത്തി. ഒന്നാം സെറ്റ് അനായാസമായി നേടിയ ഫെഡറര്‍ക്ക് രണ്ടാം സെറ്റില്‍ അതേ നാണയത്തില്‍ സിലിച്ച് മറുപടി നല്‍കി. മൂന്നാം സെറ്റില്‍ ഫെഡററുടെ ഗംഭീര മടങ്ങിവരവ്. നാലാം സെറ്റില്‍ ഒട്ടും കുറയ്ക്കാതെ സിലിച്ചും. ഇതോടെ നിര്‍ണായകമായ അഞ്ചാം സെറ്റ് ഫെഡറര്‍ തന്റെ സ്വതസിദ്ധമായ രീതിയില്‍ നേടുകയായിരുന്നു. തോല്‍ക്കാന്‍ മനസില്ലാത്ത പോരാട്ടവീര്യത്തിനുമുന്നില്‍ സിലിച്ച് കിരീടം അടിയറവ് വച്ചു. കഴിഞ്ഞ വര്‍ഷം വിംബിള്‍ഡണിലും ഫൈനലില്‍ സിലിച്ച് ഫെഡററോട് പരാജയപ്പെട്ടിരുന്നു.

ഇതോടെ ഫെഡററുടെ കരിയറിലെ ഗ്രാന്‍ഡ്സ്ലാം നേട്ടം ഇരുപതായി. ആറാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയ ഫെഡറര്‍ നോവാക് ദ്യോക്കോവിച്ച്, റോയ് എമേഴ്‌സണ്‍ എന്നിവരോടൊപ്പമെത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി ഫെഡറര്‍. കെന്‍ റോസ്‌വാളാണ് ഇക്കാര്യത്തില്‍ ഫെഡററിന് മുന്നിലുള്ളത്. 37 വയസായിരുന്നു റോസ്‌വാളിന്.

DONT MISS
Top