‘ഞാനും ഭാര്യയുമായി ഒരുമിച്ച് താമസിക്കുന്ന ഫ്ലാറ്റ്’ എന്ന വരിയില്‍ സ്വരാജ് കൊളുത്തിവെച്ചത് ഇരട്ടത്താപ്പ്, അത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറികിടക്കുന്ന സദാചാര ഭീതിയാണെന്നും ശാരദക്കുട്ടി

എസ്.ശാരദക്കുട്ടി

മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകര്‍ എം സ്വരാജ് എംഎല്‍എയെ അദ്ദേഹത്തിന്റെ ഫഌറ്റില്‍ സന്ദര്‍ശിച്ചതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. ചിത്രങ്ങളുടെ പേരില്‍ നടന്ന അപവാദ പ്രചരണങ്ങള്‍ക്കെതിരെ ഷാനി കഴിഞ്ഞ ദിവസം ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ എം സ്വരാജും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്വരാജിന്റെ വിശദീകരണത്തെ സംബന്ധിച്ചാണ് ശാരദക്കുട്ടിയുടെ പ്രതികരണം.

സ്നേഹിതയായ ഷാനി പ്രഭാകരനു നൽകിയ ഉറച്ച പിന്തുണ ശ്രദ്ധിക്കപ്പെടേണ്ടതു തന്നെയെന്ന് ശാരദക്കുട്ടി പറയുന്നു. ഷാനി ആ ആദരവ് അർഹിക്കുന്ന വ്യക്തിയാണ്. അതിനെ അങ്ങേയറ്റം ആദരിക്കുന്നു. എന്‍റെ’ സുഹൃത്ത്‌ എന്നാല്‍ ‘ഞാന്‍’ തന്നെ. അത്രമാത്രം പരസ്പരപൂരകമാണത്. അവിടെ സുഖകരമായ ആത്മവിശ്വാസവും ആത്മാര്‍ഥമായ ആദരവും മാത്രം.

എന്നാൽ ലൈംഗികതയെ ആയുധമാക്കി സദാചാരപരമായി ആക്രമിക്കാൻ വരുന്നവരെ നേരിടുമ്പോൾ, നമ്മുടെ ഇടതു പക്ഷ സഖാക്കൾ ഈ അർഥങ്ങൾ മറന്നു പോകുന്നതെങ്ങനെയെന്ന് അവര്‍ ചോദിക്കുന്നു. ഉള്ളിലെ യാഥാസ്ഥിതിക കുടുംബബോധവും ഭീതികളും എത്ര പരിഹാസ്യമായാണ് വെളിപ്പെട്ടു പോകുന്നതെന്നും ശാരദക്കുട്ടി പറയുന്നു. 

എഫ്ബി പോസ്റ്റിൽ “ഞാനും ഭാര്യയുമായി ഒരുമിച്ചു താമസിക്കുന്ന ഫ്ലാറ്റ്” എന്ന വരിയിൽ സ്വരാജ് കൊളുത്തി വെച്ച ഒരു ഇരട്ടത്താപ്പിനെ കുറിച്ചാണ് താൻ പറഞ്ഞു വരുന്നത്. അത് കേരളത്തിലെ എല്ലാ ഇടതുപക്ഷ സഖാക്കളുടെ ഉള്ളിലും ഊറിക്കിടക്കുന്ന സദാചാര ഭീതിയാണ്. ഭാര്യക്കു ഭർത്താവും ഭർത്താവിനു ഭാര്യയും പരസ്പരം കാവൽ നിൽക്കുന്ന ഒരു സദാചാര ബോധത്തിലാണ് ഇവരിപ്പോഴും വിശ്വസിക്കുന്നത്.

ആ ഊന്നലാണ് സഖാക്കളുടെ ജീവിതത്തിന്റെ അടിസ്ഥാന രേഖയാകുന്നത് എന്നത് സങ്കടകരമാണ്. ഭാര്യയില്ലാത്തപ്പോഴും, ഭർത്താവില്ലാത്തപ്പോഴും സ്നേഹിതയെ, സ്നേഹിതനെ ഫ്ലാറ്റിലേക്കു വിളിക്കാനും സൽക്കരിക്കാനും ഭക്ഷണം കൊടുക്കാനും കുളിച്ചു വിശ്രമിക്കാൻ സൗകര്യം കൊടുക്കാനും നിങ്ങൾ ആരെയാണ് ഭയപ്പെടുന്നതെന്നും ശാരദക്കുട്ടി ചോദിക്കുന്നു.  സഖാവ് എന്നത് വലിയ വാക്കാണ്. വലിയ ഒരർഥമുള്ള വാക്ക്. മനസ്സിന്റെയുൾപ്പെടെ എല്ലാ വാതിലുകളും നിർഭയരായി , മലർക്കെ തുറന്നു കൊടുക്കുന്നവരാണ് സഖാക്കൾ. അതറിയാതെ മൂലധനം വായിച്ചിട്ട് എന്തു കാര്യം? ശാരദക്കുട്ടി പറയുന്നു.

ഏതൊരു സാധാരണ മലയാളിയേയുംകാൾ അല്പം പിന്നിലാണ് ഈ വിഷയത്തിൽ ഇടതുപക്ഷ ആൺ പെൺ സഖാക്കൾ ഇപ്പോഴും സഞ്ചരിക്കുന്നത് എന്ന വസ്തുത നിസ്സാരമായി തള്ളിക്കളയാനാകുന്നില്ല. ഇത്രയൊക്കെ അറിവും പ്രത്യയശാസ്ത്ര പരിജ്ഞാനവും രാഷ്ട്രീയ വിദ്യാഭ്യാസവും അധികാരാവസരങ്ങളും ലഭിച്ചിട്ടും കേരളത്തിലെ ഇടതുപക്ഷ കുടുoബ വ്യവഹാരത്തിനകത്ത് മെയിൽ ഷോവനിസം ഒരുറച്ച യാഥാർഥ്യമായിത്തന്നെ നിൽക്കുകയാണ്. ഒരു സാധാരണ കുടുംബ വ്യവഹാരത്തിനു പുറത്തേക്കു കടക്കാൻ അവർക്കെന്താണ് കഴിയാതെ പോകുന്നത്. ശാരദക്കുട്ടി ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

DONT MISS
Top