ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; പിഎസ് ശ്രീധരന്‍പിള്ള മത്സരിച്ചേക്കില്ല, കുമ്മനത്തെ പരിഗണിച്ചേക്കും

കുമ്മനം രാജശേഖരന്‍

ആലപ്പുഴ: എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ ചെങ്ങന്നൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചേക്കും. മണ്ഡലത്തില്‍ കഴിഞ്ഞ തവണ സ്ഥാനാര്‍ത്ഥിയായ പിഎസ് ശ്രീധരന്‍പിള്ള മത്സരിക്കാനില്ലെന്ന സൂചന നല്‍കിയതിനെ തുടര്‍ന്നാണ് നേതൃത്വം കുമ്മനത്തെ പരിഗണിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ ചതുഷ്‌കോണ മത്സരം കാഴ്ചവെച്ച മണ്ഡലമാണ് ചെങ്ങന്നൂര്‍. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് ലഭിച്ച വോട്ട് വിഹിതമാണ് ചതുഷ്‌കോണ മത്സരത്തിലേക്ക് മണ്ഡലം മാറിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ശ്രദ്ധേയമായ ഉപതെരഞ്ഞെടുപ്പായതിനാല്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുന്നണികളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വോട്ട് ഗണ്യമായി വര്‍ധിപ്പിച്ച പിഎസ് ശ്രീധരന്‍പിളള ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്ന് ശ്രീധരന്‍പിള്ള അറിയിച്ചതിനെ തുടര്‍ന്ന് കുമ്മനം രാജശേഖരന്‍ മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

ഏറെ രാഷ്ട്രീയ പ്രാധാന്യം കൈവരുന്ന ഉപതെരഞ്ഞെടുപ്പില്‍ ഭരണ പ്രതിപക്ഷങ്ങളുടെ നേരിട്ടുള്ള ഏറ്റുമുട്ടല്‍ കൂടിയായതിനാല്‍ ബിജെപിയും വിജയ പ്രതീക്ഷയിലാണ്. അഭിമാന പോരാട്ടത്തിനായി ഇറങ്ങുന്ന ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ സ്ഥാനാര്‍ത്ഥിത്വം ഇരുമുന്നണികള്‍ക്കും ഭീഷണിയാകും.

DONT MISS
Top