കാലടി ലളിതകലാ അക്കാദമിയിലെ വുഡ്കട്ട് ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന വുഡ് കട്ട് ചിത്രപ്രദര്‍ശനം

കൊച്ചി: കാലടി ലളിതകലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന വുഡ് കട്ട് ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ ചിത്രകലാ വിഭാഗത്തിലെ താത്ക്കാലിക അധ്യാപകനായ കെകെ ജയേഷാണ് കാലോ എന്ന പേരില്‍ വ്യത്യസ്ഥമായ ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ അത്ര പരിചിതമല്ലാത്ത കലയാണ് വുഡ് കട്ട് ആര്‍ട്ട്. വരക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രം ആദ്യം ഒരു മരപ്പലകയില്‍ വരക്കുന്നു. തുടര്‍ന്ന് ഉളി കൊണ്ടും മറ്റും കൊത്തിയെടുക്കും. പിന്നീട് പേപ്പറിലേക്ക് പ്രിന്റ് ചെയ്ത് എടുക്കുകയാണ് ചെയ്യുന്നത്. ഏറെ സമയമെടുത്ത് ചെയ്യേണ്ട ഒന്നാണിത്. മാസങ്ങളോളമെടുക്കും ഒരു ചിത്രം പൂര്‍ത്തിയാക്കുവാന്‍. 6 മുതല്‍ 8 അടി വരെയുള്ളതാണ് ചിത്രങ്ങള്‍.

കറുപ്പിലും, വെളുപ്പിലുമാണ് കൂടുതലും ചിത്രങ്ങള്‍ ഒരിക്കിയിരിക്കുന്നത്. 15 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. സമൂഹം ദളിതരോട് കാണിക്കുന്ന അവഗണനയാണ് ചിത്രങ്ങളുടെ ഇതിവൃത്തം. ദളിത് ജീവിതങ്ങള്‍ക്കൊപ്പം തന്നെ പ്രകൃതിയും ചിത്രങ്ങളില്‍ ഇടം പിടിച്ചിട്ടുണ്ട്. സംസ്‌കൃത സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ ധര്‍മ്മരാജ് അടാട്ട് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജയേഷിന്റെ കവിത സമാഹാരം ‘പൊരിഞ്ഞ വെയിലി’ന്റെ പ്രകാശനവും നടന്നു. ഡോ സുനില്‍ പി ഇളയിടം വൈസ് ചാന്‍സിലറില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി. ചിത്ര പ്രദര്‍ശനം 30 ന് സമാപിക്കും.

DONT MISS
Top