ഐപിഎല്‍ താരലേലം പുരോഗമിക്കുന്നു; 12.5 കോടി നേടി ബെന്‍ സ്‌റ്റോക്‌സ്; 5.6 കോടി പ്രതിഫലം വാങ്ങി കരുണ്‍ പഞ്ചാബിലേക്ക്


ബംഗളുരു: ഐപിഎല്‍ താരലേലത്തില്‍ പണം വാരിയെറിഞ്ഞ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സിനെ 12.5 കോടി മുടക്കി വാങ്ങിയ രാജസ്ഥാന്‍ റോയല്‍സും ലീഗിലേക്കുള്ള തിരിച്ചുവരവ് ഗംഭീരമാക്കി. ഇന്ത്യന്‍ താരം ലോകേഷ് രാഹുലിനെ 11 കോടിക്കാണ് പഞ്ചാബ് സ്വന്തമാക്കിയത്. 5.6 കോടി മുടക്കി കരുണ്‍ നായരെ സ്വന്തമാക്കിയതും പഞ്ചാബ് തന്നെ.

ആര്‍ അശ്വിനെ 7.6 കോടി മുടക്കി പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ ആരോണ്‍ ഫിഞ്ചിനും മാര്‍ക് സ്‌റ്റോയ്‌നിസിനും 6.2 കോടി നല്‍കിയും ഡേവിഡ് മില്ലെര്‍ക്ക് 3 കോടിയും നല്‍കിയാണ് പഞ്ചാബ് പണം മുടക്കുന്നതില്‍ യാതൊരു മടിയുമില്ലെന്ന് തെളിയിച്ചത്. നേരത്തേ ചെന്നൈയിലേക്ക് എത്തിക്കുമെന്ന് അശ്വിന് ധോണി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അശ്വിനെ സ്വന്തം കൂടാരത്തിലെത്തിക്കുന്നതില്‍ പഞ്ചാബ് വിജയിച്ചു.

കേദാര്‍ ജാദവിനെ 7.8 കോടി നല്‍കി ചെന്നൈ സ്വന്തമാക്കി. കൊല്‍ക്കത്ത സ്റ്റാര്‍ക്കിനായി 9.4 കോടിയും ക്രിസ് ലിന് 9.6 കോടിയും മുടക്കി. ക്രിസ് വോക്‌സിന് 7.4 കോടി നല്‍കി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗളൂര്‍ സ്വന്തമാക്കി. മക്കല്ലത്തിന് ബാംഗ്ലൂര്‍ നല്‍കിയത് 3.6 കോടിയാണ്.

വിരാടിന് 17 കോടിയും എബിഡിക്ക് 11 കോടിയും നല്‍കി ബാംഗ്ലൂര്‍ നിലനിര്‍ത്തി. ധോണിക്കും രോഹിത് ശര്‍മയ്ക്കും 15 കോടിയും വാര്‍ണര്‍ക്കും സ്മിത്തിനും 12 കോടിയും റെയ്‌നയ്ക്കും ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്കും 11 കോടിയും ഇങ്ങനെ നിലനിര്‍ത്താനായി അവരവരുടെ ടീമുകള്‍ നല്‍കി. 5.2 കോടി നല്‍കി ശിഖര്‍ ധവാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും പൊള്ളാര്‍ഡിനെ 5.4 കോടിക്ക് മുംബൈ ഇന്ത്യന്‍സും നിലനിര്‍ത്തി.

DONT MISS
Top