ഇടുക്കിയില്‍ സിപിഐഎം പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു; വട്ടവടയില്‍ ഇന്ന് ഹര്‍ത്താല്‍

കുത്തേറ്റ കുമാര്‍ ആശുപത്രിയില്‍

ഇടുക്കി: ഇടുക്കി വട്ടവടയില്‍ സിപിഐഎം പഞ്ചായത്ത് അംഗത്തിന് കുത്തേറ്റു. വികസന സ്റ്റാന്റിംഗ് കമ്മറ്റി അംഗം കുമാറിനാണ് കുത്തേറ്റത്. സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്നാണ് സപിഐഎം ആരോപണം. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് വട്ടവട പഞ്ചായത്തില്‍ സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

കോവിലൂര്‍ ടൗണില്‍ വച്ചാണ് പഞ്ചായത്ത് അംഗം കുമാറിന് കുത്തേറ്റത്. കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടക്ക് പിന്‍ഭാഗത്താണ് കുത്തേറ്റത്. പരുക്ക് ഗുരുതരമല്ല. ബിജെപി പ്രവര്‍ത്തകനായ അറിവഴകനാണ് കുത്തിയതെന്ന് കുമാര്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുമാര്‍ കോവിലൂര്‍ ടൗണില്‍ നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ അറിവഴകനുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് കുത്തുകയുമായിരുന്നു.

സംഭവത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെട്ട അറിവഴകന്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിഡിഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വട്ടവടയില്‍ സിപിഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണിത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മൂന്നാര്‍ സിഐയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

DONT MISS
Top