ആദിയുടെ തകര്‍പ്പന്‍ വിജയത്തില്‍ മലയാള സിനിമ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

മകന്‍ പ്രണവ് മോഹന്‍ ലാലിന്റെ ആദ്യ ചിത്രമായ ആദിയുടെ തകര്‍പ്പന്‍ വിജയത്തില്‍ ആരാധകര്‍ക്ക് നന്ദി പറഞ്ഞ് മോഹന്‍ലാല്‍. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണങ്ങളാണ് തിയേറ്ററുകളില്‍ ലഭിക്കുന്നത്. മകന്റെ സിനിമയെ സന്തോഷത്തോടെ സ്വീകരിച്ച് മലയാള സിനിമ പ്രേക്ഷകര്‍ക്ക് താന്‍ നന്ദി പറയുന്നുവെന്ന് മോഹന്‍ലാല്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് പിടിതരാത്ത വ്യക്തിയാണ് പ്രണവ് മോഹന്‍ലാല്‍. എല്ലാരീതിയിലും വ്യത്യസ്ഥനായ ഒരാള്‍. വസ്ത്രധാരണ രീതിയില്‍ യാതൊരു ശ്രദ്ധയും നല്‍കാത്ത യാത്രകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തി. എന്നാല്‍ സൂപ്പര്‍താരമായ പിതാവിന്റെ കഴിവുകള്‍ എത്രത്തോളം മകനിലുണ്ട് എന്ന കാര്യമാണ് ആദിയിലൂടെ പ്രേക്ഷകര്‍ പരിശോധിച്ചത്.

അച്ഛനെക്കാള്‍ ഒട്ടും മോശമല്ല മകന്‍ എന്ന പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. അച്ഛന്‍ എന്ന നിലയില്‍ അഭിനേതാവായി മകന്‍ ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോഴാണല്ലോ കൂടുതല്‍ സന്തോഷമുണ്ടാവുകയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിലെ ന്യൂസ് നൈറ്റ് പ്രോഗ്രാമില്‍ സംസാരിക്കുകായായിരുന്നു മോഹന്‍ലാല്‍.

പ്രണവ് സിനിമയില്‍ അഭിനയിക്കും എന്നത് മുന്‍കൂട്ടി തീരുമാനിച്ച കാര്യമല്ല. അഭിനയിക്കാന്‍ താല്‍പര്യമുള്ള വ്യക്തിയായിരുന്നില്ല പ്രണവ്. ഒരുപാട് പേര്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ് ആദിയില്‍ അഭിനയിക്കാന്‍ തയ്യാറായത്. എന്നാല്‍ ചിത്രത്തെക്കുറിച്ച് നല്ല പ്രതികരണം കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷിക്കുന്നുവെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

അച്ഛന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും ആദിയുടെ വിജയത്തില്‍ സന്തോഷിക്കുന്നു. ഏറെ ശാരീരികാധ്വാനം ആവശ്യമായി വന്ന ഒരു വേഷമാണ് പ്രണവ് അഭിനയിച്ചു തകര്‍ത്തിരിക്കുന്നത്. ഇങ്ങനെയൊരു പടത്തിലേക്കാണ് ജീത്തുജോസഫ് പ്രണവിനെ ക്ഷണിച്ചതെന്നറിഞ്ഞപ്പോള്‍ പ്രണവിന് അത് ചെയ്യാന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു.

ചിത്രത്തിനുവേണ്ടി തായ്‌ലന്‍ഡില്‍ നിന്ന് മികച്ച പരിശീലനമാണ് പ്രണവിന് ലഭിച്ചത്. അഡ്വഞ്ചറസായ കാര്യങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന പ്രണവ് ഇക്കാരണം കൊണ്ട് മാത്രമാണ് ആദിയില്‍ അഭിനയിക്കാന്‍ തയ്യാറായതെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

ദൃശ്യം എന്ന ചിത്രത്തിലൂടെ ഒരു വമ്പന്‍ഹിറ്റ് നല്‍കിയ ജീത്തുജോസഫിനെത്തന്നെ പ്രണവിനുവേണ്ടിയും പരിഗണിച്ചത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ജീത്തുജോസഫ് കഥ പറഞ്ഞപ്പോള്‍ അത് കൊള്ളാമെന്ന് തോന്നി. ജീത്തുജോസഫഉമായി പ്രണവ് രണ്ട് സിനിമകളില്‍ ഒന്നിച്ച് ജോലി ചെയ്തിട്ടുണ്ട് എന്നതും കൂടുതല്‍ നന്നായി അഭിനയിക്കാന്‍ സഹായിച്ചു എന്നും മോഹന്‍ലാല്‍ പറഞ്ഞു.

DONT MISS
Top