ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: വനിതാ വിഭാഗത്തില്‍ ഹാലെപ്-വോസ്‌നിയാക്കി ഫൈനല്‍, ഫെഡറര്‍ക്ക് ഇന്ന് സെമി പോരാട്ടം

വിജയശേഷം സിമോണ ഹാലെപ്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം ഫൈനലില്‍ ഒന്നാം സീഡ് സിമോണ ഹാലെപും ലോകരണ്ടാം നമ്പര്‍ കരോളിന്‍ വോസ്‌നിയാക്കിയും ഏറ്റുമുട്ടും. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ കന്നി ഗ്രാന്റ് സ്ലാം കിരീടമാണ് ഇരുവരും നോട്ടമിടുന്നത്. പുരുഷ വിഭാഗത്തില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിക് ഫൈനലിലെത്തി. ഫൈനല്‍ ലക്ഷ്യമിട്ട് രണ്ടാം സീഡ് റോജര്‍ ഫെഡറര്‍ ഇന്ന് കളത്തിലിറങ്ങും.

റുമേനിയയുടെ സിമോണ ഹാലെപ് സെമിയില്‍ ജര്‍മന്‍ താരം ആഞ്ജലിക് കെര്‍ബറിനെ കഷ്ടിച്ച് മറികടന്നാണ് കലാശപ്പോരിന് അര്‍ഹത നേടിയത്. സ്‌കോര്‍ 6-3, 4-6, 9-7. അഞ്ച് മാച്ച് പോയിന്റുകള്‍ രക്ഷപെടുത്തിയായിരുന്നു സിമോണയുടെ വിജയം. അതേസമയം, ഡെന്‍മാര്‍ക്കിന്റെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കരോളിന്‍ വോസ്‌നിയാക്കി ബെല്‍ജിയത്തിന്റെ എലിസെ മെര്‍ട്ടന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫൈനലിലെത്തിയത്. സ്‌കോര്‍ 6-3, 7-6. കിരീടം നേടുന്നവരെ ലോക ഒന്നാം നമ്പര്‍ സ്ഥാനവും കാത്തിരിക്കുന്നുണ്ട്.

ഫൈനലിലെത്തിയ വോസ്നിയാക്കിയുടെ ആഹ്ലാദം

പുരുഷവിഭാഗത്തില്‍ മരിന്‍ സിലിക് ബ്രിട്ടന്റെ സീഡില്ലാ താരം കൈല്‍ എഡ്മണ്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മറികടന്നാണ് ഫൈനലിലെത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലിലെത്തുന്ന ആദ്യ ക്രൊയേഷ്യന്‍ താരമെന്ന ബഹുമതിയും സിലിക് സ്വന്തമാക്കി. ഇന്ന് നടക്കുന്ന ഫെഡറര്‍-ഹോങ് ചുങ് രണ്ടാം സെമിയിലെ വിജയിയെ സിലിക് ഫൈനലില്‍ നേരിടും.

തുടര്‍ച്ചയായ രണ്ടാം വര്‍ഷവും മെല്‍ബണില്‍ ഫൈനലിലെത്തുക എന്ന ലക്ഷ്യവുമായാണ് സ്വിസ് ഇതിഹാസം ഇന്ന് കളത്തിലിറങ്ങുന്നത്. ദക്ഷിണ കൊറിയയുടെ 21 കാരന്‍ ചുങ് ദ്യോകോവിചിനെ മലര്‍ത്തിയടിച്ചാണ് മുന്നോട്ട് വന്നിരിക്കുന്നത്. അട്ടിമറിക്ക് കെല്‍പ്പുള്ളവനാണ് താനെന്ന് താരം തെളിയിച്ച് കഴിഞ്ഞു. എന്നാല്‍ ഫെഡററുടെ പരിചയസമ്പത്തിന് മുന്നില്‍ യുവതാരത്തിന് എത്രത്തോളം പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്നതാണ് ടെന്നീസ് പ്രേമികള്‍ കാത്തിരിക്കുന്നത്. ഇത്തവണ ഇതുവരെ ഒരു സെറ്റ് പോലും വഴങ്ങാതെയാണ് ഫെഡറര്‍ സെമിയിലെത്തിയിരിക്കുന്നത്. ഫെഡറര്‍ ഫൈനലിലെത്തിയാല്‍ അത് കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ഫൈനലിന്റെ തനിയാവര്‍ത്തനമാകും. അന്ന് സിലികിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ഫെഡറര്‍ കിരീടം നേടിയിരുന്നു.

കഴിഞ്ഞ തവണ സ്‌പെയിന്റെ റഫേല്‍ നദാലിനെ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ചായിരുന്നു ഫെഡറര്‍ ഇവിടെ കിരീടം നേടിയത്. തന്റെ ഇരുപതാം ഗ്രാന്റ് സ്ലാം കിരീടമാണ് ഫെഡറര്‍ ലക്ഷ്യം വെക്കുന്നത്.

DONT MISS
Top