നൂറാം വയസില്‍ പത്മവിഭൂഷണ്‍ തിളക്കത്തില്‍ വലിയ മെത്രാപ്പൊലീത്ത


പത്തനംതിട്ട: ജാതി, മത രാഷ്ട്രീയത്തിന് അതീതമായ നിലപാടുള്ള നാടിന്റെ വലിയ ഇടയന് പത്മവിഭൂഷണ്‍ നല്‍കി രാജ്യത്തിന്റെ ആദരം. നൂറാം വയസിലാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്തയെ തേടി രാജ്യത്തിന്റെ പത്മ ബഹുമതി എത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും പ്രായം ചെന്ന ബിഷപ്പ് കൂടിയാണ് മാര്‍ ക്രിസോസ്റ്റം.

ഏഴ് പതിറ്റാണ്ടിലധികം മാര്‍ത്തോമാ സഭയുടെ വിവിധ ചുമതലകള്‍ വഹിക്കുകയും സഭയുടെ പരമാധ്യക്ഷപദവി അടുത്ത തലമുറക്ക് കൈമാറി കോഴഞ്ചേരിയിലെ വസതിയില്‍ വിശ്രമജീവിതം നയിക്കുകയും ചെയ്യുന്ന മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തക്ക് 100-ാ മത്തെ വയസിലാണ് രാജ്യത്തിന്റെ ആദരം എത്തിയത്. ഒരു പക്ഷെ ആദ്യമായി പത്മ ബഹുമതി ലഭിക്കുന്ന ക്രിസ്തീയ പുരോഹിതനായ ഡോ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പൊലിത്തക്ക് ഇത് വൈകിയെത്തിയ അംഗീകാരമാണെന്ന് അദ്ദേഹത്തിന്റെ ജീവിതം അടുത്തറിയുന്ന ആര്‍ക്കും നിസംശയം പറയാനാവും.

വിശ്രമജീവിതത്തിലും വിശക്കുന്നവന് ഭക്ഷണവും രോഗികള്‍ക്ക് ചികിത്സാസഹായവും വീടില്ലാത്തവര്‍ക്ക് വീടും നല്‍കുന്നതിന് നേതൃത്വം നല്‍കിക്കൊണ്ട് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ വലിയ മെത്രാപ്പോലീത്ത സജീവമായുണ്ട്. സഹായം അര്‍ഹിക്കുന്നവര്‍ക്ക് എത്തിച്ചു നല്‍കുന്നതില്‍ ജാതി, മത പരിഗണനകള്‍ ഒട്ടും ഇല്ല എന്നതാണ് അദ്ദേഹത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ഇടയില്‍ ശ്രദ്ധേയനാക്കിയത്.

രാജ്യം നല്‍കിയ ബഹുമതിയില്‍ അതീവ സന്തോഷമുണ്ടെന്ന് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. ബഹുമതി ലഭിക്കാന്‍ വൈകിയതായി അഭിപ്രായമില്ലെന്നും ബഹുമതി ഏറ്റ് വാങ്ങാന്‍ ദില്ലിക്ക് പോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു

പുരസ്‌കാര പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രശസ്തരും സാധാരണക്കാരുമായ നൂറ് കണക്കിന് ആളുകളാണ് നേരിലും ഫോണിലൂടെയും ആശംസ അറിയിക്കാനെത്തുന്നത്. പുരസ്‌കാര പ്രഖ്യാപനത്തിന്റെ ആഹ്‌ളാദം പങ്കിടാന്‍ എത്തിയവരെയെല്ലാം മധുര പലഹാരങ്ങള്‍ നല്‍കിയാണ് തിരുമേനി സ്വീകരിച്ചത്.

DONT MISS
Top