കനത്തസുരക്ഷയില്‍ രാഷ്ട്രം അറുപത്തിഒന്‍പതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍

ദില്ലി: രാജ്യം ഇന്ന് 69 ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ദില്ലിയിലെ രാജ്പഥില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇത്തവണ ആസിയാന്‍ രാജ്യങ്ങളിലെ പത്തു രാഷ്ട്രത്തലവന്മാര്‍ പങ്കെടുക്കും. രാജ്യമെമ്പാടും കനത്ത സുരക്ഷയാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

ബ്രൂണെയ്, കംബോഡിയ, സിംഗപ്പുര്‍, ലാവോസ്, ഇന്തൊനേഷ്യ, മലേഷ്യ, മ്യാന്‍മാര്‍, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ രാഷ്ട്രങ്ങളുടെ തലവന്മാരാണ് ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിന് ദില്ലിയിലെത്തിയിരിക്കുന്നത്. റിപ്പബ്ലിക് ദിന പരേഡിന് കൊഴുപ്പേകാന്‍ ഇത്തവണ കേരത്തിന്റെ ഫ്‌ളോട്ടും പരേഡിന്റെ ഭാഗമായി ഉണ്ടാകും. ഓച്ചിറ കെട്ടുകാഴ്ച പ്രമേയമാക്കിയാണ് കേരളത്തിന്റെ ഫ്ലോട്ട്.

സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേതുമായി 14 ഫ്ലോട്ടുകള്‍, കേന്ദ്രസര്‍ക്കാറിലെ വിവിധ മന്ത്രാലയങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയുടേതായി ഒമ്പത് ഫ്ലോട്ടുകള്‍ എന്നിങ്ങനെ 23 ദൃശ്യങ്ങളാണ് പരേഡില്‍ അണിനിരക്കുന്നത്.

ദില്ലിയില്‍ പതിനായിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. രാജ്പഥില്‍ നിന്ന് ചെങ്കോട്ട വരെയുള്ള എട്ടു കിലോമീറ്റര്‍ പരേഡ് വീഥിയിലുടനീളം ഷാര്‍പ് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെയാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. സിസിടിവി ക്യാമറകളിലൂടെ മുഴുവന്‍ സമയ നിരീക്ഷണവും ഉറപ്പാക്കും.

DONT MISS
Top