”സ്വാഗതം, പാഠപുസ്തകം പോലെ അച്ഛന്റെ പാദമുദ്രകള്‍ പതിഞ്ഞുകിടക്കുന്ന ലോകത്തിലേക്ക്”; പ്രണവിന് ആശംസകള്‍ നേര്‍ന്ന് വിഎ ശ്രീകുമാര്‍

വിഎ ശ്രീകുമാര്‍

കൊച്ചി: ജീത്തു ജോസഫ് ചിത്രം ആദിയിലൂടെ നായകവേഷത്തില്‍ എത്തുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ വിഎ ശ്രീകുമാര്‍. പാഠപുസ്തകം പോലെ അച്ഛന്റെ പാദമുദ്രകള്‍ പതിഞ്ഞുകിടക്കുന്ന ലോകത്തേക്ക് പ്രണവിനെ സ്വാഗതം ചെയ്യുന്നുവെന്ന് ശ്രീകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

വേഷപ്പകര്‍ച്ചയിലൂടെ ആരാധകരെ ഏറെ വിസ്മയിപ്പിച്ച മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ സംവിധായകനാണ് വിഎ ശ്രീകുമാര്‍. ഏറെ യാത്രചെയ്യുന്ന, വായിക്കുന്ന, എഴുതുന്ന പര്‍വ്വതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് പ്രണവെന്നും സിനിമ ഒരു കൊടുമുടിയാണെങ്കില്‍ അത് കീഴടക്കാന്‍ പ്രണവിന് കഴിയട്ടെയെന്നും ആദിക്ക് ആശംസകള്‍ നേര്‍ന്ന് ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

പ്രിയപ്പെട്ട പ്രണവ്,

സ്വാഗതം, പാഠപുസ്തകം പോലെ അച്ഛന്റെ പാദമുദ്രകള്‍ പതിഞ്ഞുകിടക്കുന്ന ലോകത്തിലേക്ക്…നിങ്ങളുടെ കുടുംബത്തിന് മീതേ വര്‍ഷങ്ങളായി ഒരു മഞ്ഞിന്‍പൂവ് പോലെ വിരിഞ്ഞുനില്‍ക്കുന്ന സിനിമയെന്ന മനോഹാരിതയുടെ വീട്ടിലേക്ക്..അതിന്റെ ഒരു കോണില്‍ നിന്നുകൊണ്ട് ഒരിക്കല്‍ക്കൂടി സ്വാഗതം പറയുന്നു.

ഏറെ യാത്രചെയ്യുന്ന, വായിക്കുന്ന, എഴുതുന്ന, പര്‍വതങ്ങളെ പ്രണയിക്കുന്ന ചെറുപ്പക്കാരനാണ് നിങ്ങള്‍. സിനിമ ഒരു കൊടുമുടിയെങ്കില്‍ അത് കീഴടക്കാനാകട്ടെ…ഒരു ഭൂഖണ്ഡമെങ്കില്‍ അങ്ങോട്ടുള്ള യാത്ര ഓരോ നിമിഷവും ആസ്വാദ്യകരമാകട്ടെ…ഒരു കവിതയെങ്കില്‍ അതിന്റെ ഈണം എന്നും പ്രചോദിപ്പിക്കട്ടെ.. ‘ആദി’യില്‍ വിജയമുണ്ടാകട്ടെ…എല്ലാ ആശംസകളും പ്രാര്‍ഥനകളും!

DONT MISS
Top