ദില്ലിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഒന്നാംക്ലാസ്സുകാരനെ തട്ടിക്കൊണ്ടുപോയി

സംഭവം നടന്ന സ്ഥലം

ദില്ലി: ദില്ലിയില്‍ പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി. രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് സ്‌കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയത്. രാവിലെ 7.40 ഓടെയായിരുന്നു സംഭവം.

ഏകദേശം 25 കുട്ടികളാണ് സംഭവം നടക്കുമ്പോള്‍ ബസ്സില്‍ ഉണ്ടായിരുന്നത്. ഹെല്‍മെറ്റ് ധരിച്ച് ബൈക്കുകളിലെത്തിയ രണ്ട് പേരാണ് അക്രമത്തിന് പുറകിലെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കി. കുട്ടിയെ കൊണ്ടുപോകുന്നത് തടയവെയാണ് ഡ്രൈവര്‍ വെടിയേറ്റ് മരിച്ചത്. തുടര്‍ന്ന് കുട്ടിയുമായി സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ സഹോദരിയും കൂടെയുണ്ടായിരുന്നു.

കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ജോയിന്റ് കമ്മീഷണര്‍ രവീന്ദ്ര സിംഗ് യാദവ് വ്യക്തമാക്കി. ‘കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് രാവിലെ പത്ത് മണിവരെയും ഭീഷണിക്കോളുകള്‍ ഒന്നും തന്നെ വന്നിട്ടില്ല, പ്രത്യേക സംഘങ്ങളായി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തെ കുറിച്ച് വ്യക്തമായി അറിയാവുന്നവരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ സംശയം. അതേസമയം, റിപ്പബ്ലിക് ദിനം, ഏഷ്യന്‍ ഉച്ചകോടി, പത്മാവത് റിലീസ് എന്നിവ പരിഗണിച്ച് രാജ്യതലസ്ഥാനത്ത് കര്‍ശന ജാഗ്രതാനിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

DONT MISS
Top