സിപിഐഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് 27 ന് തുടക്കം; വ്യക്തിപൂജ വിവാദം ചര്‍ച്ചയാകും

പി ജയരാജന്‍

കണ്ണൂര്‍: സിപിഐഎം കണ്ണൂര്‍ ജില്ലാസമ്മേളനം ജനുവരി 27 മുതല്‍ 29 വരെ നടക്കും. ജില്ലാ സെക്രട്ടറി പി ജയരാജന്‍ സ്വയം മഹത്വവത്കരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന സംസ്ഥാനസമിതിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് ജില്ലാ സമ്മേളനം നടക്കുന്നത്. സമ്മേളനത്തില്‍ പി ജയരാജന്‍ വിഷയം ചര്‍ച്ചയാകും. സംസ്ഥാനസമിതിയുടെ വിലയിരുത്തലുകള്‍ ബ്രാഞ്ച് തലത്തിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേതൃമാറ്റം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ജനാധിപത്യസ്വഭാവമുള്ള പാര്‍ട്ടിയായ സിപിഐഎമ്മില്‍ നേതൃപാടവമുള്ള നിരവധി പേരുണ്ടെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പി ജയരാജന്‍ പ്രതികരിച്ചത്.

പാര്‍ട്ടിസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളും ചര്‍ച്ചയായേക്കും. ജില്ലയിലെ 18 ഏരിയകമ്മറ്റികളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 410 പ്രതിനിധികളും 47 ജില്ലാ കമ്മറ്റി അംഗങ്ങളുമടക്കം 457 പേര്‍ പ്രതിനിധികളായി പങ്കെടുക്കും. നായനാര്‍ അക്കാദമിയിലാണ് പ്രതിനിധി സമ്മേളനം നടക്കുന്നത്. മൂന്ന് വര്‍ഷത്തിനിടെ മെമ്പര്‍ഷിപ്പില്‍ 7,028 പേരുടെ വര്‍ധനവാണുണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 27 ന് മാധ്യമ സെമിനാര്‍ വി ശശികുമാറും 28 ന് ജനപക്ഷബദല്‍- പ്രസക്തിയും പ്രാധാന്യവും എന്ന വിഷയത്തിലുള്ള സെമിനാര്‍ മന്ത്രി എകെ ബാലനും ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നടത്തിയ മുന്നേറ്റവും അക്രമസംഭവങ്ങളിലെ ചെറുത്തു നില്‍പ്പും പ്രധാന ചര്‍ച്ചയായും. സമാപന സമ്മേളനത്തിന് 25,000 പേര്‍ അണിനിരക്കുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച് നടക്കും.

DONT MISS
Top