ഉത്തര്‍പ്രദേശില്‍ വൃദ്ധയെയും മകനെയും വെടിവെച്ചുകൊന്നു; നിറയൊഴിച്ചത് 10 തവണ(വീഡിയോ)

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ വൃദ്ധയെയും മകനെയും വെടിവെച്ചുകൊലപ്പെടുത്തി. വീടിന് പുറത്ത് കട്ടിലില്‍ വിശ്രമിക്കുകയായിരുന്ന സ്ത്രീയുടെ മുഖത്തും തലയിലുമായി 10 തവണയാണ് അക്രമിസംഘം നിറയൊഴിച്ചത്.

അറുപതുകാരിയായ നിചേതര്‍ കൗറും അവരുടെ മകനുമാണ് ഇന്നലെ കൊല്ലപ്പെട്ടത്. വീടിന് പുറത്ത് കട്ടിലില്‍ വിശ്രമിക്കുകയായിരുന്ന നിചേതറിനെ കൊലപ്പെടുത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇവരുടെ മകനെ സമീപത്ത് നിര്‍ത്തിയിട്ട കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

തോക്കുമായി എത്തിയ അക്രമികളില്‍ ഒരാളാണ് ആദ്യം വെടിവെച്ചത്. വെടിയേറ്റ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന നിചേതറിന് നേര്‍ക്ക് പിന്നാലെയെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് വീണ്ടും വെടിയുതിര്‍ക്കുകയായിരുന്നു. മുഖത്തും തലയിലും നെഞ്ചിലുമായി പത്തോളം തവണയാണ് അക്രമിസംഘം വെടിവെച്ചത്. നിചേതറിന് സമീപം ഉണ്ടായ മറ്റൊരു സ്ത്രീയെ അക്രമികള്‍ ഭീഷണിപ്പെടുത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

2016ലെ ഭൂമിതര്‍ക്കത്തില്‍ കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സാക്ഷിപറയാന്‍ ഹാജരാകാനിരിക്കെയാണ് കൊലപാതകം. കേസില്‍ ചില ബന്ധുക്കള്‍ ഇപ്പോഴും ജയിലിലാണ്. കേസില്‍ നിന്ന് പിന്മാറാന്‍ നിചേതറിനും മകനും സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും, അതിന് വഴങ്ങാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഉടന്‍ തന്നെ മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

DONT MISS
Top