കെഎസ്ഡിപിക്ക് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം, ഉത്പന്നങ്ങള്‍ ഇനി ലോക വിപണിയിലേക്കും


ആലപ്പുഴ: സംസ്ഥാനപൊതുമേഖലാ സ്ഥാപനമായ ആലപ്പുഴയിലെ കെഎസ്ഡിപിക്ക് ലോകാരോഗ്യസംഘടനയുടെ അംഗീകാരം. ഇതോടെ രാജ്യത്തിനകത്തും വിദേശത്തും കെഎസ്ഡിപിക്ക് മരുന്നുകള്‍ വില്‍ക്കുവാന്‍ സാധിക്കും. മെയ് മാസത്തില്‍ കമ്പനിയുടെ പുതിയ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കുറഞ്ഞ വിലയ്ക്ക് ജീവന്‍ രക്ഷാ മരുന്നുകളും ലഭ്യമാകും.

കെഎസ്ഡിപി നിര്‍മിക്കുന്ന മരുന്നുകളുടെ ഗുണമേന്മ, സുരക്ഷ, കാര്യക്ഷമത എന്നിവയില്‍ അന്താരാഷ്ട്ര നിലാവാരം പുലര്‍ത്തിയതിനാണ് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭ്യമായത്. നിലവില്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനും ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലേക്കും ജന്‍ ഔഷധിയിലേക്കുമാണ് മരുന്നുകള്‍ ഉത്പാദിപ്പിച്ച് നല്‍കിവരുന്നത്. എന്നാല്‍ ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭ്യമായതോടെ കെഎസ്ഡിപിയുടെ മരുന്നുകള്‍ ഇനി ലോകവിപണിയിലേക്കും കടക്കും.

യുഡിഎഫ് ഭരണ കാലത്ത് ഉപേക്ഷിക്കപ്പെട്ട ഈ പൊതുമേഖല ഔഷധ നിര്‍മാണകമ്പനിക്ക് പുതുജീവന്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. കൂടാതെ 32 കോടി രൂപ ചെലവഴിച്ച് ലോക നിലവാരത്തിലുള്ള നോണ്‍ ബീറ്റാലാക്ടം പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. മെയ് മാസത്തില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കുറഞ്ഞ വിലയ്ക്ക് ജീവന്‍ രക്ഷാ മരുന്നുകള്‍ ലഭ്യമാക്കാന്‍ സാധിക്കും. പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലബോറട്ടറിയും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ കമ്പനിക്ക് നേരിട്ട് തന്നെ മരുന്നുകളുടെ കൃത്യമായ പരിശോധന നടത്താനും സാധിക്കും.

DONT MISS
Top