പത്മാവത് ഇന്ന് തിയേറ്ററുകളിലേക്ക്; ഭീഷണി ഉയര്‍ത്തി കര്‍ണിസേന

ദില്ലി: വിവാദങ്ങളുടെയും ഭീഷണികളുടെയും നടുവില്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് ഇന്ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റെ ചിത്രീകരണത്തിനൊപ്പം തുടങ്ങിയ വിവാദങ്ങള്‍ക്ക് ഇന്നും ശമനമില്ല. ചിത്രത്തിന്റെ റിലീസിംഗിനെതിരെ കര്‍ണിസേന നിലപാട് കടുപ്പിച്ച് രംഗത്തുണ്ട്.

ചിത്രത്തിന്റെ റിലീസ് തടയാനാകില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച സുപ്രിം കോടതി മതിയായ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാലും പല സംസ്ഥാനങ്ങളിലും സംഘര്‍ഷങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ യുപിയിലും ഗുജറാത്തിലും ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും രജപുത് കര്‍ണിസേന അതിക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു.

സുപ്രിം കോടതി വിധി ഉണ്ടെങ്കിലും പ്രദര്‍ശനം അനുവദിക്കാനാകില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ണിസേന. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ തകര്‍ക്കുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് സംസ്ഥാനങ്ങളിലെല്ലാം വന്‍സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ റിലീസിംഗിനായി ആകാക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ചിത്രത്തിലെ നായിക ദിപിക പദുകോണ്‍ പറഞ്ഞു. ഇത് ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയൊരു ദിനമാണ്. ഇത് ഞങ്ങള്‍ക്ക് ആഘോഷത്തിനുള്ള സമയമാണ്. ചിത്രം ബോക്‌സോഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ്. ദിപിക പറഞ്ഞു.

രജപുത് വിഭാഗത്തെ വ്രണപ്പെടുത്തുന്നതാണ് ചിത്രമെന്നാണ് കര്‍ണിസേനയുടെ വാദം. തങ്ങളുടെ രാജ്ഞിയായിരുന്ന റാണി പത്മാവതിയെ ചിത്രത്തില്‍ മോശമായി ചിത്രീകരിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണിസേന ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top