അവസാന ടെസ്റ്റ് ഇന്ന്, മാനം രക്ഷിക്കാന്‍ ടീം ഇന്ത്യ

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഇന്ന് ജോഹന്നാസ്ബര്‍ഗില്‍ ആരംഭിക്കും. ആദ്യ രണ്ട് ടെസ്റ്റുകളും തോറ്റ് പരമ്പര അടിയറവെച്ചുകഴിഞ്ഞ ലോക ഒന്നാം നമ്പര്‍ ടീമിന് മാനംകാക്കാന്‍ ഈ ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. വിജയത്തോടെ സമ്പൂര്‍ണ തോല്‍വി ഒഴിവാക്കി മടങ്ങുക എന്നതാണ് ഇന്ത്യന്‍ ടീമിന്റെ ഏകലക്ഷ്യം.

ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തിരുന്ന ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അജിങ്ക്യ രഹാനെയ്ക്ക് ഇന്ന് അവസരം ലഭിച്ചേക്കും. അങ്ങനെയെങ്കില്‍ രോഹിത് ശര്‍മയ്ക്കാവും സ്ഥാനം നഷ്ടമാവുക.

അതേസമയം, ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ കൂടുതല്‍ പരിശീലനം നടത്താനായാല്‍ ഇന്ത്യന്‍ ടീമിന് അത് ഏറെ ഗുണം ചെയ്യുമെന്ന് പരിശീലകന്‍ രവി ശാസ്ത്രി അഭിപ്രായപ്പെട്ടു. പത്ത് ദിവസമെങ്കിലും അധികം പരിശീലനം ചെയ്യാന്‍ സാധിച്ചെങ്കില്‍ ടീമിന്റെ പ്രകടനത്തില്‍ കാര്യമായ മാറ്റം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും വിജയിക്കാനുള്ള സാധ്യത ടീമിനുണ്ടായിരുന്നെന്ന് പറഞ്ഞ ശാസ്ത്രി കേപ്ടൗണ്‍, സെഞ്ചൂറിയന്‍ ടെസ്റ്റുകളില്‍ അജിന്‍ക്യ രഹാനയെ പുറത്തിരുത്തിയ മാനേജ്‌മെന്റ് നടപടിയെ പിന്തുണച്ചു. മികച്ച ഫോമില്‍ ആയിരുന്നതിനാലാണ് രോഹിത് ശര്‍മയെ കളിപ്പിച്ചത്. ആദ്യ രണ്ട് മത്സരങ്ങളില്‍ രഹാനയെ കളിപ്പിക്കുകയും അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നെങ്കില്‍ രഹാനെയ്ക്ക് പകരം രോഹിതിനെ എന്തുകൊണ്ട് കളിപ്പിച്ചില്ലെന്ന് നിങ്ങള്‍ തന്നെ ചോദിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ രണ്ട് ടെസ്റ്റുകളില്‍ രഹാനയെ കളിപ്പിക്കാതിരുന്ന നായകന്‍ വിരാട് കോഹ്‌ലിയുടെയും മാനേജ്‌മെന്റിന്റെയും നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവന്നത്.

DONT MISS
Top