ജീത്തു ജോസഫ് ബോളിവുഡിലേക്ക്; ഇമ്രാന്‍ ഹഷ്മി നായകനാകും

മലയാള സിനിമയിലെ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്ത ദൃശ്യം ഉള്‍പ്പെടെയുള്ള സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ജീത്തു ജോസഫ് ബോളിവുഡിലേക്ക്. അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പുതിയ ചിത്രമായ ആദിയുടെ റിലീസിന് ശേഷം താന്‍ പുതിയ ചിത്രത്തിലേക്ക് കടക്കുമെന്ന് ജീത്തും റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.

ജീത്തുവിന്റെ ആദ്യ ഹിന്ദിച്ചിത്രത്തില്‍ ഇമ്രാന്‍ ഹഷ്മിയാണ് നായകനായി എത്തുന്നത്. ഋഷി കപൂറും ചിത്രത്തിലെ ഒരു പ്രധാന വേഷം അവതരിപ്പിക്കും. ദൃശ്യം കണ്ടിട്ടാണ് സിനിമ സംവിധാനം ചെയ്യാന്‍ ബോളിവുഡിലേക്ക് ക്ഷണം വന്നതെന്നും ജീത്തു പറഞ്ഞു. മികച്ച പ്രൊജക്ടായതിനാല്‍ ജീത്തു സമ്മതം മൂളുകയായിരുന്നു.

ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കാണ് ചിത്രം. ചിത്രത്തിന്റെ അവകാശങ്ങള്‍ നിര്‍മാതാക്കള്‍ വാങ്ങിയ ശേഷമാണ് ജീത്തുവിനെ സമീപിക്കുന്നത്. ത്രില്ലറുകള്‍ ചെയ്ത് പരിചയമുള്ള മലയാളത്തിന്റെ പ്രിയ സംവിധായകനില്‍ നിര്‍മാതാക്കള്‍ പൂര്‍ണ പ്രതീക്ഷയര്‍പ്പിക്കുന്നു.

അതിനിടെ അദ്ദേഹത്തിന്റെ പുതിയ ചിത്രം ആദി റിലീസിനൊരുങ്ങുകയാണ്. ജനുവരി 26നാണ് ആദിയെത്തുന്നത്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ മുഖ്യധാരാ ചലച്ചിത്രത്തില്‍ നായകനായി എത്തുകയാണ് ആദിയിലൂടെ. നേരത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയിട്ടുളള പ്രണവ് യാതൊരു ബുദ്ധിമുട്ടുകളുമില്ലാതെയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറയെ അഭിമുഖീകരിച്ചതെന്നും ജീത്തു നേരത്തെ വ്യക്തമാക്കിയിരുന്നു.

DONT MISS
Top