പോരായ്മകള്‍ പരിഹരിക്കാന്‍ മഞ്ഞപ്പട; ബ്ലാസ്‌റ്റേഴ്‌സ്-ഡെല്‍ഹി മത്സരം 27ന്

കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: സൂപ്പര്‍ ലീഗില്‍ അഗ്നിപരീക്ഷകളുടെ നാളുകളാണിനി ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത്. ആകെയുള്ള പതിനെട്ട് മത്സരങ്ങളില്‍ പന്ത്രണ്ടെണ്ണം പൂര്‍ത്തിയായപ്പോള്‍ പതിനാല് പോയിന്റുമായി ഏഴാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. അവശേഷിക്കുന്നത് ആറു മത്സരങ്ങള്‍. ഇതില്‍ രണ്ട് ഹോം മത്സരങ്ങളും നാല് എവേ മത്സരങ്ങളും. ഡെല്‍ഹി, ചെന്നൈ ടീമുകള്‍ക്കെതിരെ കൊച്ചിയിലും, കൊല്‍ക്കത്ത, നോര്‍ത്ത് ഈസ്റ്റ്, ബംഗളുരു എന്നിവര്‍ക്കെതിരെ അവരുടെ മൈതാനങ്ങളിലുമാണ് മത്സരങ്ങള്‍. എല്ലാം ഒരുപോലെ കടുത്തതും. ഇപ്പോഴത്തെ രീതിയിലാണ് കളിക്കുന്നതെങ്കില്‍ അവസാന നാലില്‍ എത്തുക കേരളത്തിന് എളുപ്പമായിരിക്കില്ല.

ഒന്നാം സ്ഥാനത്തുള്ള ബംഗളുരുവും ചെന്നൈയും കേരളത്തേക്കാള്‍ ഏഴുപോയിന്റ് മുന്നിലാണ്. മൂന്നും നാലും സ്ഥാനത്തുള്ള പൂനൈയും ഗോവയുമാകട്ടെ അഞ്ചുപോയിന്റ് മുന്നിലും. പോയിന്റിലെ ഈ വ്യത്യാസം പിന്നിടണമെങ്കില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ നാലെണ്ണമെങ്കിലും ജയിക്കണം. ഒപ്പം മറ്റുടീമുകള്‍ തോല്‍ക്കുകയോ സമനിലയിലാവുകയോ വേണം. അതെത്രത്തോളം സാധ്യമാകുമെന്നതിനെ ആശ്രയിച്ചായിരിക്കും നമ്മുടെ പ്രതീക്ഷകള്‍. അടുത്ത മത്സരം ഡെല്‍ഹിയ്‌ക്കെതിരെ 27-ന് കൊച്ചിയിലാണ്.

പതിനൊന്ന് മത്സരം പൂര്‍ത്തിയാക്കിയ ഡെല്‍ഹി ഇപ്പോള്‍ പത്താം സ്ഥാനത്താണ്. രണ്ടു വിജയവും ഒരു സമനിലയും എട്ട് പരാജയവുമായി ഏഴുപോയിന്റാണ് അവര്‍ക്കുള്ളത്. അവസാന നാലിലെത്താനുള്ള സാധ്യത ഏറെക്കുറെ അസ്തമിച്ചുകഴിഞ്ഞ ടീമാണവര്‍. അപ്പോള്‍ അവശേഷിക്കുന്ന മത്സരങ്ങളിലെങ്കിലും മികച്ച പ്രകടനം നടത്തി പട്ടികയില്‍ മാന്യമായൊരു സ്ഥനത്ത് എത്താനായിരിക്കും ശ്രമം. നഷ്ടപ്പെടാനും നേടാനും ഒന്നുമില്ലാത്ത അവസ്ഥയില്‍ അവര്‍ രണ്ടും കല്‍പ്പിച്ചു തന്നെ കളിച്ചേക്കും.

അതിന്റെ സൂചനകള്‍ ജംഷ്ഡ്പൂര്‍ എഫ്‌സിക്കെതിരെയുള്ള മത്സരത്തിലുണ്ടായിരുന്നു. അവിടെ രണ്ട് ഉജ്ജ്വലമായ ഗോളുകള്‍ക്ക് മുന്നിട്ടുനിന്നതിന് ശേഷമാണ് മൂന്ന് ഗോള്‍ വഴങ്ങി തോറ്റത്. അതിന് തൊട്ടുമുമ്പ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ബാംഗളുരുവിനെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനമാണ് പുറത്തെടുത്തതും. അതേ നിലവാരത്തില്‍ ഡെല്‍ഹി കളിച്ചാല്‍ ബ്ലാസ്റ്റേഴ്‌സിന് കാര്യങ്ങള്‍ എളുപ്പമാകില്ല. സീസണില്‍ മികവിലേക്കുയര്‍ന്നില്ലെങ്കിലും ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ മികച്ച കളിക്കാരുടെ ഒരു വന്‍നിര അവര്‍ക്കുണ്ട്. മികച്ച പ്രകടനത്തിലൂടെ മാത്രമേ അവരെ മറികടക്കാന്‍ കേരളത്തിന് കഴിയൂ.

ഒരടി മുന്നോട്ട് രണ്ടടി പിന്നോട്ട് എന്ന രീതിയിലാണ് ആദ്യ മത്സരം മുതല്‍ കേരളം കളിക്കുന്നത്. തുടക്കംമുതല്‍ ശിഥിലമായ മധ്യനിരയെ ഉറപ്പിക്കാന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല. ആ പൊസിഷനില്‍ പ്രതീക്ഷയുണര്‍ത്തിയ ഉഗാണ്ടന്‍ താരം കെസിറോണ്‍ ഗുരുതരമായ പരുക്കിന്റെ പിടിയിലാണ്. തോളിന് പരിക്കേറ്റ കെസിറോണ്‍ ശസ്ത്രക്രിയ്ക്ക് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ പഴയ രീതിയിലേക്ക് ടീമിന് പോകേണ്ടിവരും. അത് ഒട്ടും ഫലപ്രദമല്ലെന്ന് അനുഭവം കൊണ്ട് നമുക്കറിയാം.

കെസിറോണിന്റെ അഭാവത്തില്‍ പെക്കൂസനാകും ഹോള്‍ഡിംഗ് മിഡ്ഫീല്‍ഡറുടെ റോളില്‍ വരിക. എന്നാല്‍ കെസിറോണിന്റെ അസാന്നിധ്യത്തില്‍ പെക്കൂസന്‍ മങ്ങിപ്പോകുന്നതാണ് അനുഭവം. ആ പൊസിഷനില്‍ കളിക്കുന്ന ഇന്ത്യന്‍ കളിക്കാര്‍ ഫലപ്രദമല്ലെന്ന് ഇതിനകം തെളിയിച്ചിട്ടുമുണ്ട്. മധ്യനിരയില്‍ പുതിയൊരു കളിക്കാരന്‍ വരുമെന്ന് കേള്‍ക്കുന്നുണ്ടെങ്കിലും ഡെല്‍ഹിക്കെതിരെയുള്ള മത്സരത്തിന് അയാള്‍ എത്തുമെന്നുറപ്പില്ല. ആകെ ഉള്ളൊരാശ്വാസം ആദ്യമത്സരത്തില്‍ ഡെല്‍ഹിയെ 3-1 ന് പരാജയപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട് എന്നുള്ളതാണ്. ഹ്യൂം ഹാട്രിക്ക് നേടിയ മത്സരമായിരുന്നു അത്. എന്നാല്‍ ഒരു ടീമെന്ന നിലയില്‍ അന്നത്തേക്കാള്‍ ഡെല്‍ഹി മെച്ചപ്പെട്ടിട്ടുണ്ടെന്ന കാര്യം വിസ്മരിക്കാനാവില്ല. മാത്രമല്ല ആ മത്സരത്തില്‍ ഹ്യൂമിന് മികച്ച പിന്തുണ നല്‍കിയ കെസിറോണിന്റെ അഭാവവും ഇപ്പോള്‍ ഉണ്ട്.

രണ്ട് അടിസ്ഥാന തകരാറുകള്‍ കൂടി ഇനിയും പരിഹരിക്കാനുണ്ട്. പന്ത് വൈകിപ്പിക്കലും തെറ്റായ പാസുകളുമാണത്. നാലാം സീസണിന്റെ തുടക്കം മുതലുള്ള പ്രശ്‌നമാണിത്. അതിനിയും അവശേഷിക്കുന്നു. വേഗതയും കൃത്യതയും ഉറപ്പിക്കാനായാല്‍ തന്നെ ഇതിനേക്കാള്‍ മെച്ചപ്പെട്ട ഫലമുണ്ടാകും. സികെ വിനീത് ഫ്ളയിംഗ് ഹെഡറിലൂടെ നേടിയ ഗോളൊഴിച്ചാല്‍ നമ്മുടെ ഗോളുകളെല്ലാം ഫ്ളൂക്കായിരുന്നു എന്നു കാണാന്‍ പ്രയാസമില്ല. ടീം നേരിടുന്ന അടിസ്ഥാന തകരാറുകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. 90 മിനിറ്റുനേരവും ഒരു പോലെ കളിക്കാനാകുന്നില്ല എന്നതും പരിഹരിക്കാന്‍ അവേശേഷിക്കുന്ന പ്രശ്‌നം തന്നെ. എന്തായാലും പ്രതീക്ഷയോടെ കാത്തിരിക്കാം.

DONT MISS
Top