പെട്രോള്‍, ഡീസല്‍ തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം

ഫയല്‍ ചിത്രം

ദില്ലി: പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് കേന്ദ്രപെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടു. കേന്ദ്രധനമന്ത്രാലയത്തിന് അയച്ച കത്തിലാണ് പെട്രോളിയം മന്ത്രാലയം ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വരുന്ന കേന്ദ്രബജറ്റില്‍ ഇക്കാര്യം ഉള്‍പ്പെടുത്തണമെന്നും പെട്രോളിയം മന്ത്രാലയം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 80.25 ആയ സാഹചര്യത്തിലാണ് പുതിയനിര്‍ദേശവുമായി പെട്രോളിയം മന്ത്രാലയം രംഗത്തുവന്നത്. മുംബൈയില്‍ ഡീസല്‍ വിലയും സര്‍വകാല റെക്കോര്‍ഡായ 67.30 രൂപയില്‍
എത്തിയിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ 75.09 രൂപയാണ് പെട്രോള്‍ വില. ചെന്നൈയില്‍ പെട്രോള്‍ വില 75.06 ആണ്. ഡീസല്‍ വില കൊല്‍ക്കത്തയിലും ചെന്നൈയിലും യഥാക്രമം 65.86, 66.64 ആണ്. ദില്ലിയില്‍ ഡീസല്‍ വില 63.20 എത്തിയിരിക്കുകയാണ്.

അന്താരാഷ്ട്ര വിപണയില്‍ പെട്രോള്‍ വില ഇടിഞ്ഞതിനെ തുടര്‍ന്ന് 2014 നവംബര്‍ മുതല്‍ 2016 ജനുവരി വരെയുള്ള കാലഘട്ടത്തില്‍ ഒന്‍പത് തവണയാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് തീരുവ ലിറ്ററിന് രണ്ട് രൂപ കുറച്ചിരുന്നു. എങ്കിലും എണ്ണവില കുതിച്ചുയരുന്നതില്‍ കാര്യമായ കുറവ് വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തിന് എക്‌സൈസ് തീരുവ കുറയ്ക്കാനും ഇത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റില്‍ ഉള്‍പ്പെടുത്താനും നിര്‍ദേശിച്ച് കത്ത് നല്‍കിയിരിക്കുന്നത്.

പെട്രോളിയം മേഖലയില്‍ നിന്ന് ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ചാണ് കത്ത് ധനമന്ത്രാലയത്തിന് നല്‍കിയതെന്നും ഇതേക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും കേന്ദ്ര പെട്രോളിയം സെക്രട്ടറി കെഡി ത്രിപാഠി വ്യക്തമാക്കി.

DONT MISS
Top