കണ്ണൂര്‍ ജില്ലാ പൊലീസ് സഹകരണസംഘം പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പൊലീസ് സഹകരണസംഘം പിരിച്ചുവിട്ട നടപടി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നടപടി നിയമവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് കോടതിയുടെ നടപടി. നേരത്തെയുണ്ടായിരുന്ന യുഡിഎഫ് അനുകൂല ഭരണസമതിക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അധികാരം കൈമാറണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

വാര്‍ഷിക പൊതുയോഗത്തില്‍ അവിശ്വാസപ്രമേയം പാസായെന്ന് വിലയിരുത്തിയാണ് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ ഭരണസമിതി പരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്. പൊതുയോഗം നടന്ന് മണിക്കൂറകള്‍ക്കകമായിരുന്നു നടപടി. പൊതുയോഗത്തില്‍ ജോയിന്റ് രജിസ്ട്രാര്‍ നിരീക്ഷകരെ വെച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭരണസമിതിയെ പിരിച്ചുവിട്ടതെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. വിരമിക്കുന്നതിന്റെ തലേദിവസമാണ് ജോയിന്റ് രജിസ്ട്രാര്‍ അസാധാരണമായ ഈ നടപടി സ്വീകരിച്ചത്. ഇതാണ് കോടതി ക്രമവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കിയിട്ടുള്ളത്.

ഒരുഭരണസമിതിയെ പിരിച്ചുവിടുന്നതിന് മുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങളൊന്നും ഇവിടെ പാലിക്കപ്പെട്ടില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. അംഗങ്ങള്‍ക്ക് നോട്ടീസയച്ചില്ല, പിരിച്ചുവിടലിന്റെ നിയമപരമായ സാധ്യത പരിശോധിച്ചില്ല എന്നീ കാര്യങ്ങളും കോടതി നിരീക്ഷിച്ചു. പൊതുയോഗത്തില്‍ രജിസ്ട്രാര്‍ക്ക് പ്രതിനിധിയെ അയയ്ക്കാന്‍ സഹകരണ നിയമത്തില്‍ വ്യവസ്ഥയുണ്ടെങ്കിലും അത് സാധാരണ രീതിയില്ല. പൊലീസ് സംഘത്തില്‍ പ്രതിനിധിയെ അയച്ച ജോയിന്റ് രജിസ്ട്രാര്‍, ആ പ്രതിനിധിയില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങി ഭരണസമിതിയെ തന്നെ പിരിച്ചുവിട്ടു. ഇതാണ് അസ്വാഭാവികവും ക്രമവിരുദ്ധവുമായ രീതിയെന്ന് ഹൈക്കോടതി വിലയിരുത്തിയത്.

ആറായിരത്തോളം അംഗങ്ങളാണ് സംഘത്തിനുള്ളത്. ഇതില്‍ 386 അംഗങ്ങളാണ് പൊതുയോഗത്തില്‍ പങ്കെടുത്തത്. പൊതുയോഗത്തില്‍ ബഹളമുണ്ടാകുമെന്ന് പ്രചരണമുണ്ടായതിനാല്‍ പലരും പൊതുയോഗത്തിനെത്തിയില്ല. ഇതിലാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നതും പാസായതും. ജില്ലാ പൊലീസ് മേധാവിയായിരുന്നു യോഗത്തിന്റെ അധ്യക്ഷന്‍. എന്നിട്ടും ബഹളമുണ്ടായപ്പോള്‍ ‘നിങ്ങള്‍ പൊലീസുകാരാണ്’ എന്ന് അദ്ദേഹത്തിന് ഓര്‍മിപ്പിക്കേണ്ടിവന്നു. ഇതിന് ഒരു പൊലീസുകാരന്റെ മറുപടി ‘ ഇവിടെ വന്നത് സഹകാരിയായിട്ടാണ്’ എന്നായിരുന്നു. എങ്കില്‍ രാജിവെച്ച് മുഴുവന്‍സമയ സഹകാരിയാകാമെന്ന് എസ്പി ഓര്‍മിപ്പിച്ചതോടെയാണ് ബഹളം ഒന്നടങ്ങിയത്.

നേരത്തെ ഒരു പൊതുയോഗം ബജറ്റ് പാസാക്കാനാകാതെ ബഹളത്തില്‍ കലാശിച്ചിരുന്നു. ഇത് ഭരണം പിടിച്ചെടുക്കാനുള്ള മറ്റൊരുതന്ത്രമായിരുന്നു. ബജറ്റ് പാസായില്ലെങ്കില്‍ ഭരണസ്തംഭനമുണ്ടായെന്ന് വിലയിരുത്തി നടപടിയെടുക്കാനാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇത് നടന്നില്ല. ഇതോടെയാണ് അവിശ്വാസപ്രമേയം പാസാക്കി പിരിച്ചുവിടല്‍ നടപ്പാക്കിയത്.

DONT MISS
Top