ഒടിയനല്ല, അതിനേക്കാള്‍ ചെറുപ്പമായി മോഹന്‍ലാല്‍; പുതിയ പയ്യന്‍ കൊള്ളാമെന്ന് ആരാധകരും

ഒടിയനെ കാണാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കുമുന്നില്‍ തന്റെ പുതിയ ചിത്രത്തിലെ കഥാപാത്രത്തിന്റെ ലുക്ക് അവതരിപ്പിച്ച് മോഹന്‍ലാല്‍. ചിത്രീകരണം തുടങ്ങിയ അജോയ് വര്‍മ്മ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് മോഹന്‍ലാല്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. തടികുറച്ച് ഹെയര്‍സ്റ്റൈല്‍ മാറ്റിയുള്ള ലുക്കിലാണ് താരം.

ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ ആദ്യമായാണ് മലയാളത്തില്‍ സിനിമ ചെയ്യുന്നത്. ആക്ഷന്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

രാം ഗോപാല്‍ വര്‍മ്മയോടൊപ്പം ഏറെക്കാലം സഹസംവിധായകനായി ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് അജോയ് വര്‍മ്മ. തൃഷയും മീനയും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രില്ലര്‍ ഗണത്തിലുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍ താടി വെച്ച ലുക്കിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ ഒടിയന്റെ മാറ്റങ്ങള്‍ പുതിയ സിനിമയില്‍ ബാധിക്കില്ല എന്നാണ് വിവരം.

ഒടിയന്‍ മേക്കോവറിന് ശേഷം മോഹന്‍ലാലിന്റെ എല്ലാ ലുക്കകളും സമൂഹമാധ്യമങ്ങള്‍ വലിയ തോതില്‍ ഏറ്റെടുക്കാറുണ്ട്. മോഹന്‍ലാലിന്റെ പുതിയ ലുക്കും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനായിരുന്നു ലാലിന്റെ തീയേറ്ററിലെത്തേണ്ടിയിരുന്ന ചിത്രം. എന്നാല്‍ പ്രകാശ് രാജ് ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഡേറ്റ് പ്രശ്‌നം വന്നതിനാല്‍ ഒടിയന്റെ ചിത്രീകരണം മാറ്റിവെച്ചതാണ് റിലീസ് തീയതി വൈകാന്‍ കാരണം.

DONT MISS
Top