പത്മാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി; സര്‍ക്കാരുകളുടെ ഹര്‍ജികള്‍ തള്ളി

ദില്ലി: പതാമാവതിന്റെ റിലീസ് തീയതി മാറ്റില്ലെന്ന് സുപ്രിം കോടതി. ചിത്രം വിലക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍ , മധ്യപ്രദേശ് സര്‍ക്കാരുകള്‍ നല്‍കിയ ഹര്‍ജികള്‍ കോടതി തളളി. ചിത്രവുമായി ബന്ധപ്പെട്ട് നേരത്തെയുള്ള വിധിയില്‍ ഭേദഗതി വരുത്തില്ലെന്നും വിധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്നും കോടതി വ്യക്തമാക്കി.

ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ഏതെങ്കിലും വിധത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ അത് നേരിടേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണെന്നും കോടതി നിര്‍ദേശിച്ചു.

സിനിമ പ്രദര്‍ശിപ്പിച്ചാല്‍ വലിയ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നായിരുന്നു സംസ്ഥാനങ്ങളുടെ വാദം. സിനിമയുടെ പ്രദര്‍ശനത്തിന്‌ മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്‌, ഹരിയാന സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്ക്‌ കഴിഞ്ഞ ദിവസമാണ്‌ സുപ്രിം കോടതി നീക്കിയത്‌. പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കര്‍ണ്ണി സേനയും സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സിനിമകളുടെ പ്രദര്‍ശനം തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രദര്‍ശനം തടണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ സുപ്രിം കോടതി വിസമ്മതിക്കുകയും ചെയ്തു.

ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു പത്മാവതിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയത്. പത്മാവതി എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നല്‍കിയിരുന്നത്. ചിത്രത്തിന്റെ പേര് പത്മാവത് എന്നാക്കണമെന്നും വിവാദമായേക്കാവുന്ന ചില രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു.

ചിത്രം തുടങ്ങുന്നതിന് മുന്‍പും ഇടവേള സമയത്തും ചിത്രത്തിന് യഥാര്‍ത്ഥ സംഭവവുമായി ബന്ധമില്ലെന്ന് മുന്നറിയിപ്പ് നല്‍കണമെന്നും അണിയറ പ്രവര്‍ത്തകരോട് സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. നേരത്തെ ഡിസംബര്‍ ഒന്നിന് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്ന് നിര്‍മാതാക്കള്‍ റിലീസിംഗ് മാറ്റിവെക്കുകയായിരുന്നു. രണ്‍വീര്‍ സിംഗും ദീപിക പദുക്കോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

കഴിഞ്ഞ ഡിസംബര്‍ 30നാണ് ഉപാധികളോടെ പത്മാവതിന് സെന്‍സര്‍ ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പത്മാവതി ജനുവരി 25ന് റിലീസ് ചെയ്യുന്നതിനാല്‍ ചില ബോളിവുഡ് ചിത്രങ്ങളുടെ റിലീസ് മാറ്റിവെച്ചിട്ടുണ്ട്.

DONT MISS
Top