അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം; ബില്‍ സെനറ്റില്‍ പാസായി

ഡോണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍:  സര്‍ക്കാരിന് അടിയന്തരാവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിന് അനുമതി നല്‍കുന്ന ബില്‍ പാസാകാതിരുന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. ഫെബ്രുവരി എട്ടുവരെ സര്‍ക്കാര്‍ ചെലവിനുള്ള ഫണ്ട് നീട്ടി നല്‍കുന്നതിനുള്ള ബില്‍ ഇന്നലെയാണ് സെനറ്റ് പാസാക്കിയത്. 18 ന് എതിരെ 81 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റില്‍ പാസായത്. ബില്‍  പ്രതിനിധി സഭയുടെ അംഗീകാരത്തിനായി അയക്കും.

കുടിയേറ്റ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന് ഭരണകക്ഷിയായ റിപ്പബ്ലിക് പാര്‍ട്ടി നിലപാടെടുത്തതോടെയാണ് സെനറ്റില്‍ ബില്‍ പാസാകാനുള്ള വഴി തെളിഞ്ഞത്. ഇന്നലെ സെനറ്റില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ അനുകൂലമായി വോട്ട് ചെയ്തതോടെ ബില്ലിന് 81 വോട്ടുകള്‍ ലഭിച്ചു. 60 വോട്ടുകാളാണ് ബില്‍ പാസാകാന്‍ വേണ്ടത്. ബില്‍ ജനപ്രതിനിധി സഭയിലേക്ക് അയക്കുന്നതിന് വീണ്ടും സെനറ്റില്‍ വോട്ടെടുപ്പ് നടക്കും.

റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള 100 അംഗം സെനറ്റില്‍ ശനിയാഴ്ച ധനവിനിയോഗ ബില്‍ പാസാക്കാന്‍ സാധിക്കാത്തതോടെയാണ് അമേരിക്ക സാമ്പത്തിക പ്രതിസന്ധിയിലായത്. ഇതോടെ എട്ടുലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ശമ്പളം മുടങ്ങി. തീര്‍ത്തും അവശ്യ സര്‍വ്വീസുകള്‍ മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയില്‍ പ്രവര്‍ത്തിച്ചത്.

കുട്ടികളായിരിക്കുമ്പോള്‍ അമേരിക്കയിലേക്ക് കുടിയേറിയ ഏഴു ലക്ഷത്തിലേറെ പേര്‍ക്ക് നല്‍കിയ താത്ക്കാലിയ നിയമ സാധ്യത ട്രപ് ഭരണകൂടം പിന്‍വലിച്ചതാണ് ഡെമോക്രാറ്റ് പാര്‍ട്ടിയെ പ്രതിഷേധത്തിനിടയാക്കിയത്. കുടിയേറ്റ ആവശ്യങ്ങള്‍ അംഗീകരിക്കാതെ അനുകൂലമായി വോട്ട് ചെയ്യില്ലെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി പറഞ്ഞിരുന്നു. ഇത്തരം സര്‍ക്കാര്‍ സ്തംഭനം അമേരിക്കയില്‍ ഇതാദ്യമല്ല. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിക്ക് ഇരുസഭകളിലും ഭൂരിപക്ഷം ഉണ്ടായിരിക്കെ ഇത്തരത്തില്‍ ഒരു സംഭവം നടക്കുന്നത് ആദ്യമായാണ്.

DONT MISS
Top