ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: ദ്യോകോവിച് പുറത്ത്; ഫെഡറര്‍, കെര്‍ബര്‍ ക്വാര്‍ട്ടറില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ പുരുഷവിഭാഗത്തില്‍ വമ്പന്‍ അട്ടിമറി. ആറുവട്ടം ചാമ്പ്യനും മുന്‍ ലോക ഒന്നാം നമ്പറുമായ നൊവാക് ദ്യോകോവിച് പ്രീക്വാര്‍ട്ടറില്‍ പുറത്തായി. അഞ്ചാം സീഡ് ഡൊമനിക് തീമും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. അതേസമയം, നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നു. വനിതാ വിഭാഗത്തില്‍ അഞ്ജലിക് കെര്‍ബര്‍, മാഡിസണ്‍ കീസ് എന്നിവര്‍ ക്വാര്‍ട്ടറിലെത്തിയിട്ടുണ്ട്.

പരുക്ക് നല്‍കിയ നീണ്ട ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലെത്തിയ സെര്‍ബിയന്‍ താരം ദ്യോകോവിച്ചിനെ കൊറിയന്‍ താരം ഹിയോണ്‍ ചങ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പ്രീക്വാര്‍ട്ടറില്‍ തകര്‍ത്തത്. സ്‌കോര്‍ 7-6 (4), 7-5, 7-6(3). നന്നായി പൊരുതി നോക്കിയെങ്കിലും 21 കാരനായ ചങിനെതിരെ ദ്യോകോവിച്ചിന് വിജയം നേടാനായില്ല. കഴിഞ്ഞ മത്സരത്തിനിടെ ഏറ്റ പരുക്കും ദ്യോകോവിച്ചിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചു.

അതേസമയം, നിലവിലെ ചാമ്പ്യന്‍ സ്വിസ് താരം ഫെഡറര്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയം സ്വന്തമാക്കിയത്. രണ്ടാം സെറ്റില്‍ ഉയര്‍ന്ന വെല്ലുവിളി ഒഴിച്ച് നിര്‍ത്തിയാല്‍ ഹംഗേറിയന്‍ താരം മാര്‍ട്ടണ്‍ ഫുക്‌സോവിനെതിരായ വിജയം അനായാസമായിരുന്നു. സ്‌കോര്‍ 6-4, 7-6, 6-2. ഫെഡറര്‍ക്കിത് 52-ാം ഗ്രാന്റ് സ്ലാം ക്വാര്‍ട്ടര്‍ ഫൈനലാണ്. ക്വാര്‍ട്ടറില്‍ 19 -ാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചാണ് ഫെഡററുടെ എതിരാളി.

വിജയം ആഘോഷിക്കുന്ന ടെന്നിസ് സാന്‍ഡ്‌ഗ്രെന്‍

അഞ്ചാം സീഡും ലോക്കല്‍ താരവുമായ ഡൊമനിക് തീമിനെ ലോക റാങ്കിംഗില്‍ 97-ാം സ്ഥാനത്തുള്ള അമേരിക്കന്‍ താരം ടെന്നിസ് സാന്‍ഡ്‌ഗ്രെന്‍ ആണ് അഞ്ച് സെറ്റ് നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ അട്ടിമറിച്ചത്. സ്‌കോര്‍ 6-2, 4-6, 7-6(4), 6-7 (9), 6-3. മത്സരം മൂന്ന് മണിക്കൂറും 55 മിനിട്ടും നീണ്ടുനിന്നു. സാന്‍ഡിഗ്രെനിന്റെ കന്നി ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റാണിത്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ അരങ്ങേറ്റത്തില്‍ തന്നെ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ എത്തുന്ന രണ്ടാമത്തെ മാത്രം താരമാണ് സാന്‍ഡ്‌ഗ്രെന്‍.

പുരുഷവിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ റഫേല്‍ നദാല്‍ നേരത്തെ ക്വാര്‍ട്ടറില്‍ എത്തിയിരുന്നു. ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച് ആണ് ക്വാര്‍ട്ടറില്‍ നദാലിന്റെ എതിരാളി.

DONT MISS
Top