രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പി സദാശിവം

തിരുവനന്തപുരം: തുടര്‍ച്ചയായി നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന് ഗവര്‍ണര്‍ പി സദാശിവം. കണ്ണൂരിലെ എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഗവര്‍ണര്‍ രാഷ്ട്രീയ സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതങ്ങളെ അപലിപ്പിച്ചത്. രാഷ്ട്രീയ നേതാക്കള്‍ സമാധാനത്തിന് വേണ്ടി കൈകോര്‍ക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ജാഗ്രത പാലിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം കനകകുന്നില്‍ നടന്ന നിശാഗന്ധി നൃത്തോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനിടെ,  ശ്യാമപ്രസാദ് കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എസ്ഡിപിഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായ നാലുപേരും. കഴിഞ്ഞ ദിവസം തന്നെ ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പാറക്കണ്ടം സ്വദേശി മുഹമ്മദ് (20), സലിം (26), അളകാപുരം സ്വദേശി അമീര്‍ (25), പാലയോട് സ്വദേശി ഹാഷിം (39) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ശ്യം പ്രസാദ് കൊല്ലപ്പെട്ടത്. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് കണ്ണൂര്‍ ജില്ലയിലും മാഹിയിലും  ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയായിരുന്നു ഹര്‍ത്താല്‍.

ഇന്നലെ വൈകുന്നേരം നാലേമുക്കാലോടെയാണ് കാക്കയങ്ങാട് സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാമപ്രസാദിനെ കാറില്‍ എത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി വെട്ടികൊലപ്പെടുത്തുകയായിരുന്നു.

വെട്ടേറ്റ ശ്യാം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് വെട്ടുകയായിരുന്നു. അക്രമത്തില്‍ ശ്യാമിന്റെ കഴുത്തിനു പിന്നില്‍ മാരകമായി വെട്ടേറ്റിരുന്നു. കൈപ്പത്തി അറ്റു തൂങ്ങിയ നിലയിലായിരുന്നു. ശ്യാമിനെ കൂത്തുപറമ്പ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

DONT MISS
Top